പിടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്യും, സംസ്കാരം നാളെ രവിപുരത്ത്
കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ പിടി തോമസിൻ്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് അൽപസമയത്തിനകം തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുൻപ് പിടിയുടെ കണ്ണുകൾ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി.ടി.തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്.
പിടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു കാര്യം ദില്ലിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയാണ് അറിയിച്ചത്. സിഎംസി ആശുപത്രിയിൽ ഇത് സംബന്ധിച്ച് നടപടികൾ നടക്കുകയാണെന്നും ഇതിനു ശേഷമാവും പിടിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടുക. പൊതുപ്രവർത്തകനെന്ന നിലയ്ക്കല്ല പിടിയെ താൻ അറിയുന്നതെന്നും തങ്കം പോലൊരു മനസിന് ഉടമയായിട്ടാണെന്നും സ്നേഹ സമ്പന്നനായ ഒരു വ്യക്തി ആയിരുന്നു പിടി തോമസെന്നും വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് മുൻ അംബാസിഡർ കൂടിയായ വേണു രാജാമണി പറഞ്ഞു.
അതേസമയം പിടി തോമസിന്റെവ മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലർച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസിൽ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗൺഹാളിൽ പൊതു ദർശനം. തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതു ദർശനം, തുർന്ന് വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തിൽ സംസ്കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. സംസ്കാരത്തിനുശേഷം ചിതാഭസ്മം ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യണം എന്നായിരുന്നു പിടിയുടെ അന്ത്യാഭിലാഷം. അതിനുള്ള സാധ്യതകളും നേതാക്കൾ പരിശോധിച്ചു വരികയാണ്. വയനാട്ടിലുള്ള രാഹുൽ ഗാന്ധി രാത്രി ഏഴുമണിയോടെ കൊച്ചിയിലെത്തും, നാളെ അദ്ദേഹം പിടി തോമസിന് അന്തിമോപചാരം അർപ്പിക്കും.