സംസാരം മാത്രമല്ല, ചാറ്റിംഗും; എഴുപതോളം ജീവനുകള്‍ കയ്യിലെടുത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്
തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ എഴുപതോളം യാത്രക്കാരുള്ള ബസില്‍ മൊബൈലില്‍ മറുപടി നല്‍കിക്കൊണ്ട് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ് ഇടതുകയ്യില്‍ സ്റ്റിയറിംഗ് പിടിച്ച് വലതുകയ്യില്‍ മൊബൈലും ഉപയോഗിച്ച് ബസ് ഓടിക്കുമ്പോള്‍ വാഹനത്തിന്റെ വേഗത അറുപത് കിലോമീറ്ററില്‍ കുറയുന്നുമില്ല. മൊബൈല്‍ ഫോണില്‍ സംസാരിക്കുക മാത്രമല്ല ചാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ഡ്രൈവര്‍. ആലത്തൂര്‍ നിന്ന് പാലക്കാട് വരെയും ഇത്തരത്തിലായിരുന്നു ഇയാള്‍ വാഹനം ഓടിച്ചത്.
ബസിലെ യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളടക്കമുള്ള പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. കുടുംബശ്രീ പ്രവര്‍ത്തകയായ വീട്ടമ്മ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവജന ക്ഷേമ ബോര്‍ഡ് അംഗത്തിന് അയച്ചുനല്‍കുകയായിരുന്നു. നല്ല സ്പീഡില്‍ ബസ് മുന്നോട്ട് പോകുമ്പോഴും ഡ്രൈവറുടെ ശ്രദ്ധമുഴുവന്‍ മൊബൈലില്‍ മറുപടി നല്‍കുന്നതിനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിയമലംഘനം ഒന്നിലധികം തവണ ആവര്‍ത്തിച്ചതോടെയാണ് ബസിലെ യാത്രക്കാരി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.
ഡ്രൈവറുടെ പേരില്‍ കേസെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ബസും കസ്റ്റഡിയിലെടുക്കും. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഓടിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നത്. എന്‍ഫോഴ്സ്മെന്റ് നടത്തുന്ന പരിശോധനയില്‍ ഇത്തരക്കാര്‍ കുരുങ്ങാറുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.