കട്ടപ്പന:കേരളത്തിന്റെ സാമൂഹ്യസ്ഥിതി അറിയാതെ ഉത്തരേന്ത്യയില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ ഓരോന്ന് ചെയ്ത് വെച്ച് പോകുന്നത് ഇടുക്കി ജില്ലയിലെ നാട്ടുകാര്‍ക്ക് തലവേദനയാകുകയാണെന്ന പരാതിയുമായി മന്ത്രി എം.എം മണി. ഇവരില്‍ ചില ഉദ്യോഗസ്ഥര്‍ ഇടുക്കിയില്‍ വന്നത് ഇലക്ഷന് കമ്മീഷന്റെ ആളുകളായി ആണെന്നും അവര്‍ക്ക് കുളിക്കാന്‍ വരെ മിനറല്‍ വാട്ടര്‍ വേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ വേദിയിലിരുത്തി ആയിരുന്നു മണിയുടെ പുതിയ വെടിയുതിർക്കൽ.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനെയും മന്ത്രി വെറുതെവിട്ടില്ല.അവര്‍ ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളില്‍ നിര്‍മാണം നിയന്ത്രിക്കണമെന്ന് തീട്ടൂരമിറക്കിയതായും തങ്ങള്‍ അതും വലിച്ച് നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമുണ്ടാക്കിയാല്‍ കൊള്ളാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നെങ്കില്‍ തങ്ങള്‍ കൈകാര്യം ചെയ്തു വിടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.