വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ മാറ്റത്തിന് ശുപാർശ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ തെരഞ്ഞെടുപ്പുകൾക്കുമായി ഏക വോട്ടർ പട്ടിക തയ്യാറാക്കാൻ പാർലമെന്റ് നിയമ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും.രാജ്യത്ത് പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി വോട്ടർപട്ടിക തയ്യാറാക്കുന്നത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഈ രീതിയിൽ മാറ്റം വരുത്താനാണ് പുതിയ ശുപാർശ. രണ്ട് ഘട്ടങ്ങളായി വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് പകരമായി ഏകീകരിച്ച ഒരു വോട്ടർപട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുക എന്നതാണ് പുതിയ ശുപാർശയിലൂടെ മുന്നോട്ട് വയ്ക്കുന്നത്.എന്നാൽ ഈ മാറ്റം സംസ്ഥാന സർക്കാരിന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്ന ബില്ല് പാർലമെന്റ് പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ശുപാർശ വന്നിരിക്കുന്നത്. പുതിയ ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണെന്ന് വിശദീകരിച്ച മന്ത്രി കിരൺ റിജിജു, കൂടുതൽ ചർച്ച വേണം എന്ന ആവശ്യം തള്ളിയിരുന്നു. ബില്ല് സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.