പി ടി തോമസ് എം എൽ എ അന്തരിച്ചു
തിരുവനന്തപുരം: കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എൽ എ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ രാവിലെ 10.15നായിരുന്നു അന്ത്യം.തൃക്കാക്കര മണ്ഡലത്തിലെ എം എൽ എയായിരുന്നു. നാലു തവണ എം എൽ എയും ഒരു തവണ ഇടുക്കി എംപിയുമായിരുന്നു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.2009 ലാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി ജയിച്ചത്. ‘എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു പി ടി തോമസ്. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു.1950 ഡിസംബർ 12 ന് ഇടുക്കിയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. ഉമ തോമസ് ആണ് ഭാര്യ. മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.