കാഞ്ഞങ്ങാടിനെ മോഡല്‍ റെയില്‍വേസ്റ്റേഷനായി ഉയര്‍ത്തണം: പാസഞ്ചേഴ്സ് അസോസിയേഷന്
ആധുനിക സംവിധാനങ്ങളും പുതിയ കെട്ടിടവും വേണം
കാഞ്ഞങ്ങാട്: ദിനം പ്രതി പതിനായിത്തിലേറെ യാത്രക്കാര്‍ സഞ്ചരിക്കുന്നതും ഉയര്‍ന്ന വരുമാനമുള്ളതും എ-ക്ലാസ് റെയില്‍വേ സ്റ്റേഷനുമായ കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടി മോഡല്‍ റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
റിസര്‍വേഷന്‍ കോംപ്ലക്സ്, റിസര്‍വ്ഡ് – അണ് റിസര്‍വ്ഡ് ടിക്കറ്റ് കൗണ്ടറുകള്‍, വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റുകള്‍, ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് മുറികള്‍ എന്നിവയോട് കൂടിയ പുതിയ കെട്ടിട സമുച്ചയം പണിയുക, പ്ലാറ്റുഫോമുകള്‍ക്ക് മുഴുവനായി മേല്‍ക്കൂര, നിലവിലെ പാര്‍ക്കിംഗ് ഏരിയയുടെ ഇരുവശങ്ങളും വിപുലീകരിക്കുക, സ്റ്റേഷന്റെ വടക്കുഭാഗത്ത് നടപ്പാത-മേല്‍പ്പാലം (ഫൂട്ട് ഓവര്‍ ബ്രിഡ്ജ്), സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ സേന (ആര്.പി.എഫ്) യൂണിറ്റ് അനുവദിക്കുക, റെയില്‍വേ സ്റ്റേഷന് റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുക, സ്റ്റേഷന് പരിസരത്തെ കുഴികള്‍ മണ്ണിട്ട് മൂടുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.
കണ്ണൂര്‍-മംഗ്ളൂരു മെമു സര്‍വ്വീസ് ആരംഭിക്കുക, കോവിഡ് കാലത്ത് നിര്‍ത്തിയ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും പുനരാരംഭിക്കുക, പാസഞ്ചര്‍ ട്രെയിനുകള്‍ സ്പെഷ്യല്‍ ട്രെയിനുകളാക്കി മാറ്റി ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ ഈടാക്കുന്നത് അവസാനിപ്പിക്കുക, എല്ലാ ട്രെയിനുകളിലും ഓര്‍ഡിനറി കോച്ചുകള്‍ അനുവദിക്കുക, കാഞ്ഞങ്ങാട് വഴി കടന്നു പോകുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്കെല്ലാം സ്റ്റോപ്പ് അനുവദിക്കുക, മുതിര്‍ന്ന പൗരന്മാര്ക്കുള്ള യാത്രാനിരക്ക് ഇളവ് പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് നിവേദനത്തില്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍.
ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ.കൃഷ്ണദാസ്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പുകള്‍ നല്കി.
ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞങ്ങാട്ട് എത്തിയ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം നല്കിയ നിവേദനം പി.ആര്.ഒ ഗോപിനാഥും ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്.ബി.രാജും ചേര്‍ന്ന് സ്വീകരിക്കുന്നു