അപരന്റെ ദുരിതത്തില്‍ ആനന്ദം കണ്ടെത്തുന്നവരാണ്
കാഞ്ഞങ്ങാട്ടെ ജില്ല വിദ്യാഭ്യാസ ഓഫീസ് ;എം.അസിനാര്‍
കെപിഎസ്ടിഎ റിലേ ഉപവാസ സമരം രണ്ടാം ദിവസത്തിലേക്ക്
കാഞ്ഞങ്ങാട് : അപരന്റെ ദുരിതത്തില്‍ ആനന്ദം കണ്ടെത്തുന്നവരായി കാഞ്ഞങ്ങാട്ടെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറിയതാണ് മലയോര മേഖലയിലെ പ്രമുഖമായ 4 ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ 30 ലധികം അദ്ധ്യാപകരുടെ ദുരിതത്തിന് കാരണമെന്ന് കെപിസിസി സെക്രട്ടറി എം. അസിനാര്‍
അഞ്ചു വര്‍ഷക്കാലമായി നിയമന അംഗീകാരത്തിനായി കാത്തിരിക്കുന്ന അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാതെ അകാരണമായി കാലതാമസം വരുത്തുന്ന കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസിനെതിരെ കെ പി എസ് ടി എ ജില്ലാ സമരസമിതിയുടെ രണ്ടാം ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസിനാര്‍.
അധ്യാപകരുടെ നിയമന അംഗീകാരം നല്‍കുന്നതിലെ കൃത്യവിലോപം അവസാനിപ്പിച്ച് ശമ്പളമില്ലാതെ വിഷമിക്കുന്ന അധ്യാപകരുടെ നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് കെ അശോകന് അദ്ധ്യക്ഷനായിരുന്നു. സമരസമിതി ചെയര്മാന് പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ടി.എസ് ജോസ്, ജിമ്മി മാത്യു, മിനിമോള്‍ സേവ്യര്‍, ഡീനു സി കാപ്പന്, സിന്ധു ജോര്‍ജ്, ഷൈജു മാത്യു, സോണിയ എബ്രാഹം എന്നിവര്‍ സംസാരിച്ചു.