11 മാസം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1062 അബ്കാരി കേസുകള്‍
ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ കാസര്‍കോട് എക്സൈസ് ഡിവിഷനില്‍ 1062 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ 71 എന്‍.ഡി.പി.എസ് കേസുകളും 2300 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2040 ലിറ്റര്‍ സ്പിരിറ്റ്, 275.8 ലിറ്റര്‍ ചാരായം, 13,415 ലിറ്റര്‍ വാഷ്, 1667 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 13097 ലിറ്റര്‍ ഇതര സംസ്ഥാന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 80 ലിറ്റര്‍ കളള്, 1272 ലിറ്റര്‍ ബിയര്‍, ഒരു ലിറ്റര്‍ വൈന്‍ എന്നിവയും പിടിച്ചെടുത്തു. 71 എന്‍.ഡി.പി.എസ് കേസുകളിലായി 191.16 കിലോഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടികള്‍, രണ്ട് ഗ്രാം ഹാഷിഷ്, അതിമാരക മയക്കു മരുന്നുകളായ എം.ഡി.എം.എ 114.25 ഗ്രാം, 60.849 ഗ്രാം വിവിധ ലഹരി ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു. 4385 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കോട്പ കേസുകളില്‍ പിടിച്ചെടുത്തു. വിവിധ കേസുകളില്‍ 12,18,400 രൂപയും, കോട്പ കേസുകളില്‍ പിഴയായി 433400 രൂപയും ഈടാക്കി. അബ്കാരി കേസുകളില്‍ 160 വാഹനങ്ങളും എന്‍.ഡി.പി.എസ് കേസുകളില്‍ 14 വാഹനങ്ങളുമുള്‍പ്പെടെ ആകെ 174 വാഹനങ്ങളാണ് കാസര്‍കോട് ഡിവിഷനില്‍ മാത്രം പിടിച്ചെടുത്തത്. ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ചാരായ നിരോധന ജനകീയ കമ്മറ്റി യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ രവികുമാര്‍ അധ്യക്ഷനായി. ജില്ലാ വിമുക്തി കോ ഓഡിനേറ്റര്‍ എം.ജി രഘുനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. കൃഷ്ണ കുമാര്‍, വിമുക്തി മാനേജര്‍ ഹരിദാസന് പാലക്കല്വീട് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ കലാപ്രകടനങ്ങളിലൂടെ സ്കൂളുകളില്‍ ലഹരിക്കെതിരായ ബോധവത്ക്കരണം നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. വ്യാജ ചാരായ ഉത്പാദനം, വിപണനം, കടത്ത് എന്നിവ തടയാനായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രത സമിതികള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.