രോഗം മാറുന്നതിനായി കൊടുംക്രൂരത; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലിനൽകി, മന്ത്രവാദിയടക്കം മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: രോഗം മാറുന്നതിനായി ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ കേസിൽ മന്ത്രവാദിയടക്കം മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം (48), തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശികളായ ഷർമിള ബീഗം (48), ഭർത്താവ് അസറുദ്ദീൻ (50) എന്നിവരാണ് അറസ്റ്റിലായത്. അസറുദ്ദീന്റെ രോഗം മാറുന്നതിനായി ഷർമിള ബന്ധുവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.വിദേശത്തായിരുന്ന അസറുദ്ദീൻ രോഗബാധിതനായതിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. പല ചികിത്സകൾ പരീക്ഷിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് പുതുക്കോട്ട ജില്ലയിൽ കൃഷ്ണഞ്ചിപട്ടണത്ത് മന്ത്രവാദങ്ങൾ ചെയ്തുവന്നിരുന്ന സലീമിനെ സമീപിക്കുന്നത്. രോഗം മാറുന്നതിനായി കോഴിയെയും ആടിനെയും ബലി നൽകാൻ നിർദേശിച്ച ഇയാൾ ഫലം കണ്ടില്ലെങ്കിൽ നരബലി നടത്തണമെന്നും നിർദേശിച്ചിരുന്നു. ഇത് പ്രകാരം ആദ്യ രണ്ട് ബലിയിൽ രോഗം മാറുന്നില്ലെന്നു കണ്ട് ഷർമിള തന്റെ സഹോദരിയുടെ മകൻ നസറുദ്ദീന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി നസറുദ്ദീന്റെ വീട്ടിലെത്തിയ ഇവർ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീടിന് പിന്നിലെ മത്സ്യപ്പെട്ടിയിൽ ഉപേക്ഷിച്ചു.കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ കബറടക്കം നടത്തിയത്. എന്നാൽ സംശയം തോന്നിയ വില്ലേജ് ഓഫീസർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വീട്ടുകാരെയും ഷർമിള അടക്കമുള്ള ബന്ധുക്കളെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.എന്നാൽ നരബലി നൽകാൻ താൻ ഷർമിളയെ ഉപദേശിച്ചിട്ടില്ലെന്നും കോഴിയെയോ ആടിനെയോ ബലി നൽകാനാണ് നിർദേശിച്ചതെന്നുമാണ് സലീം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം ഇയാളുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ബലി നൽകിയതെന്നാണ് ഷർമിള പൊലീസിൽ മൊഴി നൽകിയത്. അഞ്ച് വർഷത്തിലേറെയായി ഇയാൾ കൃഷ്ണഞ്ചിപട്ടണത്ത് മന്ത്രവാദങ്ങൾ ചെയ്തുവരികയായിരുന്നു. അറസ്റ്റിലായ മൂന്നുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.