ഇന്ത്യയെയും ഒമിക്രോൺ വരിഞ്ഞുമുറുക്കുമോ? കടുത്ത ആശങ്ക ഉയർത്തി രോഗികളുടെ എണ്ണം കൂടുന്നു, പ്രഹരശേഷിയിൽ ഡെൽറ്റയ്ക്കൊപ്പമെന്ന് വിദഗ്ദ്ധർ
ന്യൂഡൽഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയർത്തി ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞദിവസം കർണാടകത്തിൽ അഞ്ചുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 160 കടന്നു. ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി , മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് കർണാടകയിൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.മഹാരാഷ്ട്ര (54), ഡൽഹി (22), രാജസ്ഥാൻ (17), കർണാടക (19), തെലങ്കാന (20), ഗുജറാത്ത് (11), കേരളം (11), ആന്ധ്രപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (4) എന്നിങ്ങനെയാണ് ഇപ്പോഴത്തെ രോഗബാധിതർ. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. അധികം വൈകാതെ തന്നെ കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.ഒമിക്രോണിന് ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറവാണെന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിൽ തുടർച്ചയായ മൂന്നാംദിവസവും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, നിഗമനത്തിലെത്താൻ കൂടുതൽ വിവരങ്ങൾ വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ പക്ഷം.ബ്രിട്ടനിൽ ഒമിക്രോൺ വ്യാപനം അതിഭീകരമാവുകയാണ്. ഇതുവരെ ഏഴ് പേർ ഒമിക്രോൺ ബാധിച്ച് മരിച്ചു. 25,000 ഓളം പേർ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ പതിനായിരം ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ചത്തേയ്ക്ക് സർക്യൂട്ട് – ബ്രേക്കർ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നാണ് വിവരം. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഒമിക്രോൺ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആഘോഷങ്ങൾക്ക് ശേഷമേ നിയന്ത്രണങ്ങൾ നിലവിൽ വരൂ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഒമിക്രോണും ഡെൽറ്റയും ചേർന്ന് കൂടുതൽ അപകടകരമായ വകഭേദം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.