മിണ്ടിയാൽ പൊലീസിനും കിട്ടും ഇടി, കഞ്ചാവ് സംഘത്തിനുമുന്നിൽ പേടിച്ചുവിറച്ച് ഏമാന്മാർ, ഇത്തവണ ആയുധം ബിയർബോട്ടിൽ
മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭീതിയുടെ നിഴലിലാക്കി കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ വാഹനവും സംഘം ബിയർ ബോട്ടിലെറിഞ്ഞ് തകർത്തു. കണ്ടല, പോങ്ങുംമൂട്, ഊരൂട്ടമ്പലം, തൂങ്ങാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ബൈക്കുകളിലെത്തിയ സംഘം ഭീകാരന്തരീക്ഷം സൃഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. കരിങ്ങൽ കരിച്ചാറ മേലേപുത്തൻവീട്ടിൽ സച്ചിൻ (19), തൂങ്ങാംപാറ കണ്ടല കോളനിയിൽ അക്ഷയ് ലാൽ (ചിപ്പി-19), പന്നിയോട് കുന്നിൽവീട്ടിൽ ഹരികൃഷ്ണൻ (23), തൂങ്ങാംപാറ വേങ്ങനിന്നവിളവീട്ടിൽ അജീഷ്(19), കരിങ്ങൽ കട്ടച്ചൽ എസ്.എൻ ഭവനിൽ ഡാനി (23), തൂങ്ങാംപാറ വിഷ്ണു നിവാസിൽ വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി 9ന് കണ്ടലയിലാണ് അക്രമങ്ങളുടെ തുടക്കം. കഞ്ചാവിന്റെ ലഹരിയിലായിരുന്ന യുവാക്കൾ കണ്ണിൽക്കണ്ടവരെയെല്ലാം അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത സ്ഥലത്തെ സി.ഐ.ടി.യു തൊഴിലാളികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം പൊലീസ് ജീപ്പ് വന്നതോടെ ഇവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്നാണ് വിവിധ സ്ഥലങ്ങളിലെത്തി ഇവർ പേക്കൂത്ത് നടത്തിയത്. പിന്നാലെയെത്തിയ പൊലീസിനേയും നാട്ടുകാരെയും മുൾമുനയിൽ നിറുത്തിയായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. പിന്നീട് സംഘത്തിലുള്ളവർ കണ്ടല സ്റ്റേഡിയത്തിലുള്ളതായി വിവരം ലഭിച്ചതോടെ മാറനല്ലൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇവരെ ആയുധങ്ങൾ കാണിച്ച് വെല്ലുവിളിച്ച അക്രമികൾ ബിയർ ബോട്ടിലുകൾ പൊലീസിനുനേർക്ക് വലിച്ചെറിഞ്ഞു. ഇതിനിടെയാണ് പൊലീസ് ജീപ്പിന്റെ ചില്ലുപൊട്ടിയത്.നരുവാമൂട്, മലയിൻകീഴ്, വിളപ്പിൽശാല സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയെങ്കിലും സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു. തുടർന്ന് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആറുപേരെ ഞായറാഴ്ച പുലർച്ചെയോടെ അറസ്റ്റ് ചെയ്തത്. അമ്പതിലേറെ പേർ കണ്ടല സ്റ്റേഡിയത്തിലെ അക്രമിസംഘത്തിൽ ഉണ്ടായിരുന്നതായി കാട്ടാക്കട ഡിവൈ.എസ്.പി.പ്രശാന്ത് പറഞ്ഞു. ഒളിവിലുള്ള മറ്റ് പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്ന് മാറനല്ലൂർ എസ്.എച്ച്. ഒ തൻസീം അബ്ദുൾ സമദും അറിയിച്ചു.പൊലീസിനുനേരെയുള്ള ആക്രമണം മൂന്നാംവട്ടംകഞ്ചാവ് ലഹരിയിലുള്ള ബൈക്ക് അഭ്യാസവും സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്പനയും തൊഴിലാളികളും പ്രദേശവാസികളും ചോദ്യം ചെയ്തതാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇത് മൂന്നാംവട്ടമാണ് മാറനല്ലൂർ പൊലീസിനുനേർക്ക് ലഹരിമാഫിയയുടെ ആക്രമണം ഉണ്ടാകുന്നത്. രണ്ട് വർഷം മുമ്പ് മാറനല്ലൂർ എസ്.ഐയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചുതകർത്തിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ എസ്.ഐ ശക്തമായ നിലപാട് സ്വീകരിച്ചതായിരുന്നു ആക്രമണകാരണം. ഒരു വർഷം മുമ്പ് തൂങ്ങാംപാറ കോളനിയിൽ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രതിയ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ചിലർ തടയുകയും എസ്.ഐയെ മർദ്ദിക്കുകയും ചെയ്ത സംഭവവുമുണ്ടായി.