പിണക്കത്തിലായിരുന്ന കാമുകിയെ പ്രീതിപ്പെടുത്താൻ പട്ടാപ്പകൽ കവർച്ച നടത്തി, യുവാവിനെയും സുഹൃത്തുക്കളെയും കൈയ്യോടെ പിടികൂടി പൊലീസ്
ന്യൂഡൽഹി: പിണക്കത്തിലായിരുന്ന കാമുകിക്ക് സമ്മാനം നൽകാനായി സുഹൃത്തുക്കളുമായി ചേർന്ന് കവർച്ച നടത്തിയ സംഭവം കയ്യോടെ പിടികൂടി പൊലീസ്. കാമുകിയുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി വിലകൂടിയ സമ്മാനങ്ങൾ നൽകി പ്രീതിപ്പെടുത്താനായാണ് ഇയാൾ മോഷണം നടത്തിയത്. ആർ കെ പുരം സ്വദേശി ശുഭം (20), നിസാമുദ്ദീൻ സ്വദേശി ആസിഫ് (19), ജാമിയ നഗർ സ്വദേശി മുഹമ്മദ് ഷരീഫുൾ മുല്ല (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മുഖ്യപ്രതി.സരോജിനി നഗർ സ്വദേശിയായ ആദിത്യ കുമാർ എന്നയാളാണ് പരാതി നൽകിയത്. വീട്ടിൽ തനിച്ചായിരുന്ന ഇയാളെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീടുകയറി ആക്രമിക്കുകയായിരുന്നു. ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നതും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ബലമായി വീട്ടിൽ കയറുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ ആദിത്യ കുമാറിനെ കെട്ടിയിട്ട ശേഷം മർദിക്കാൻ തുടങ്ങി. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ അടങ്ങിയ ഒരു ബാഗ്, ജാക്കറ്റ്, ഷൂസ്, റിസ്റ്റ് വാച്ച് തുടങ്ങിയവയും സ്കൂട്ടറും മോഷ്ടാക്കൾ എടുത്തുകൊണ്ട് പോയതായി അദ്ദേഹമ പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം സ്വയം കെട്ടഴിച്ച് മറ്റൊരു ലാപ്ടോപ്പിൽ നിന്നും ബന്ധുക്കളെ വിളിക്കുകയും തുടർന്ന് പൊലീസിൽ അറിയിക്കുകയും ചെയ്തു. ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുകയാണ് ആദിത്യ കുമാർ.കുറ്റവാളികളെ തിരിച്ചറിയാൻ പ്രത്യേക സംഘം നിരീക്ഷണ ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും പരിസരത്ത് ക്യാമറകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികൾ തങ്ങളിൽ ഒരാളെ ശുഭം എന്ന് വിളിച്ചിരുന്നതായി അന്വേഷണത്തിനിടെ കുമാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് ശുഭം എന്ന പേരിലുള്ള 150 ഓളം ക്രിമിനലുകളുടെ രേഖകൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. വെള്ളിയാഴ്ച സരോജിനി നഗർ ഏരിയയിൽ കവർച്ച നടത്തിയ അതേ സ്കൂട്ടർ ഓടിച്ച് പോകുകയായിരുന്ന ശുഭമിനെയും രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗൗരവ് ശർമ്മ പറഞ്ഞു. ജൂലൈയിൽ സരോജിനി നഗർ മേഖലയിൽ നിന്ന് മൊബൈൽ ഫോണുകൾ തട്ടിയെടുത്തതിന് അറസ്റ്റിലായെന്നും നവംബറിൽ വിട്ടയച്ചെന്നും ചോദ്യം ചെയ്യലിൽ ശുഭം വെളിപ്പെടുത്തി. ജയിലിൽ വെച്ച് ആസിഫുമായി സൗഹൃദത്തിലായിരുന്ന ഇയാൾ പുറത്തിറങ്ങിയപ്പോൾ വീണ്ടും കണ്ടുമുട്ടിയതായി പൊലീസ് പറഞ്ഞു.