തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് സദാചാര ഗുണ്ട ചമഞ്ഞ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം എടകണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെയാണ് ഗഫൂറും സംഘവും നഗ്നനാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണമോതിരവും തട്ടിയത്.
മേലേപുരയിടത്തിൽ ഹഫീസ് (30), എടകണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ്കുമാർ (25) എന്നിവരും അറസ്റ്റിലായി. ഏപ്രിൽ 7ന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിർത്തിയാണ് അതിക്രമം നടത്തിയത്. അര പവന്റെ സ്വർണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് 4900 രൂപ പിൻവലിച്ചു. പിന്നീട് ബന്ധുവിനെകൊണ്ട് 15,000 രൂപ ബാങ്കിൽ അടപ്പിച്ച് ആ തുകയും പിൻവലിച്ചു. കഴിഞ്ഞ മാസമാണ് യുവാവ് പരാതി നൽകിയത്. എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്ഐ ഐ.സി. ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രണയബന്ധം മുടക്കാൻ ബന്ധുക്കൾ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തൽമണ്ണ സ്വദേശിനിയെ കോടതിയുടെ ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂർ വിവാഹം ചെയ്തത്.