വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങി; കുറ്റിക്കാട്ടില്‍ ഒളിച്ചു; പെണ്‍കുട്ടിക്കായി തിരച്ചില്‍
സഹോദരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ 17 കാരിയെയാണ് കാണാതായത്. കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടിലേക്ക് പെണ്‍കുട്ടി ഒടിയൊളിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.
രാത്രി 7.30 ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നത് കണ്ട് നാട്ടുകാര്‍ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെയാണ് പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ കടന്നുപോവുക ദുര്‍ഘടമാണ്. തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഉളളതിനാല്‍ അപകടസാധ്യതയും കൂടുതലാണ്. തിരച്ചില്‍ തുടരുകയാണ്.