തിരുവനന്തപുരം: ആനക്കൊമ്ബ് കൈവശം വെച്ച കേസില്‍ നടന് മോഹന്‍ലാലിനെതിരെ നിലപാട് കടുപ്പിച്ച്സർക്കാരും വനംവകുപ്പും.കേസിന്റെ വിശദാംശങ്ങള്‍ ഉടൻ ഹാജരാക്കാന്‍ മന്ത്രി കെ രാജു ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം വീണ്ടും പരിശോധിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. 2011 ഡിസംബര്‍ 21നാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും നാല് ആനക്കൊമ്ബുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയത്. 2012 ജൂണ്‍ 12ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ ചുമത്തിയിരിക്കുന്നത്.
ആനക്കൊമ്ബ് കൈവശം വച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടാനാണ് നീക്കം. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി വനം മന്ത്രി കെ രാജു ഇന്നലെ പറഞ്ഞിരുന്നു.ആനക്കൊമ്ബ് കൈവശം വയ്ക്കാമെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫയലില്‍ കുറിച്ചിരുന്നു. മോഹന്‍ലാലിന്റേത് ക്രിമിനല്‍ കുറ്റമാണെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്കെതിരെയുള്ളത് ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നാണ് മോഹന്‍ലാലിന്റെ വാദം.