വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സ ഇല്ല, ഉത്തരവിറക്കി ആരോഗ്യ വകുപ്പ്
കോഴിക്കോട്: കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത കൊവിഡ് രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. മെഡിക്കൽ കോളേജുകൾക്ക് നൽകിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.എന്നാൽ അലര്‍ജി, മറ്റുരോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ സാധിക്കാത്ത രോഗികള്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ സൗജന്യമായി നല്‍കും. കൊവിഡ് വാക്സിന് സ്വീകരിക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കികൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കാമെന്ന സത്യവാങ്മൂലം എഴുതിനല്കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തിലും സൗജന്യചികിത്സ നൽകാം എന്നും ഉത്തരവിൽ പറയുന്നു. എന്നാൽ രോഗി പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യമുണ്ടായാല്‍ ചികിത്സയ്ക്കായി ചെലവഴിച്ച തുക രോഗിയിൽ നിന്ന് ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞദിവസം കൊവിഡ് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ കൊയിലാണ്ടി സ്വദേശിയായ വൃദ്ധയുടെ ബന്ധുക്കള്‍ കാരുണ്യ പദ്ധതിപ്രകാരമുള്ള സൗജന്യചികിത്സ ലഭിക്കില്ലെന്നറിഞ്ഞതോടെ ആകെ ദുഃഖത്തിലായി. സ്ഥലത്തില്ലാതിരുന്നതുകൊണ്ടും, വാക്സിന് ക്ഷാമം കാരണവുമാണ് ഇവര്‍ക്ക് നേരത്തെ വാക്സിനെടുക്കാന്‍ കഴിയാതിരുന്നത്. എങ്കിലും ഇത് സാക്ഷ്യപ്പെടുത്തി നല്കാന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ തയ്യാറായില്ല. രോഗികളോ അവരുടെ ബന്ധുക്കളോ പറയുന്ന കാരണം ശരിയാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇങ്ങനയൊരു സാക്ഷ്യപത്രം നല്കാന് ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇതിനെ തുടർന്ന അവകാശപ്പെട്ട സൗജന്യ ചികിത്സ നഷ്ടപ്പെട്ടുവെന്നും വൃദ്ധയുടെ ബന്ധുക്കൾ ആരോപിച്ചു. രണ്ട് ഡോസ് വാക്സിന് എടുക്കാത്ത ഇരുന്നൂറോളം രോഗികള്‍ ഇപ്പോള്‍ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലുണ്ട്.കൊവിഡ് വാക്സിൽ സ്വീകരിക്കുന്നതിൽ ചിലർ കാണിക്കുന്ന വിമുഖത സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്നു. ഇത് തടയാനാണ് പുതിയ നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് നാംദേവ് ഖൊബ്രഗഡെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.