മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി; എ എം ഹാരിസിന് സസ്പെൻഷൻ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ എം ഹാരിസിന് സസ്പെൻഷൻ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്. ഹാരിസിനും സീനിയർ എൻജിനീയർ ജെ. ജോസ്മോനുമെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലൻസ് അന്വേഷണം നടക്കുകയാണ്. ജോസ്മോന്റെ വീട്ടിൽ നിന്ന് 1.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.പാലാ പ്രവിത്താനം പി ജെ ട്രെഡ് ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്നാണ് ഹാരിസ് കൈക്കൂലി വാങ്ങിയത്. ഈ സ്ഥാപനത്തിനെതിരെ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും ലൈസൻസ് പുതുക്കി നൽകിയില്ല.ലൈസൻസ് പുതുക്കാൻ ഹാരീസ് ജോബിനോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഹാരിസിനെതിരെ വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ കൈപ്പറ്റുന്നതിനിടയിലാണ് ഹാരിസ് അറസ്റ്റിലായത്.