ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ ആസ്വദിക്കൂ’; സ്ത്രീ വിരുദ്ധ പരാമർശത്തിൽ പുലിവാൽ പിടിച്ച് കോൺഗ്രസ് എം എൽ എ
ബംഗളൂരു: നിയമസഭയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് മുതിർന്ന നേതാവ് കെ ആർ രമേശ് കുമാർ പുലിവാലുപിടിച്ചു. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു മുൻ സ്പീക്കർകൂടിയായ അദ്ദേഹത്തിന്റെ വിവാദ പരാമർശം. നിയമസഭയിൽ കർഷകസമരം ചർച്ചചെയ്യുന്നതിനിടെയായിരുന്നു ഇത്.കർഷക സമരം ചർച്ചചെയ്യുമ്പോൾ സംസാരിക്കുന്നതിനായി കൂടുതൽ സമയം വേണമെന്ന് സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എം എൽ എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാവർക്കും കൂടുതൽ സമയം അനുവദിച്ചാൽ സഭയിലെ സെഷൻ നന്നായി മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതുകേട്ട എം എൽ എമാർ പ്രളയം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് കൂടുതൽ സമയം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബഹളം വച്ചു.നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ അത് അംഗീകരിക്കും. നിലവിലെ സാഹര്യം ആസ്വദിക്കുക എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് നിങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു സ്പീക്കർ ഇതിന് മറുപടി പറഞ്ഞത്. ഇതിനെ ഏറ്റെടുത്തായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം.’ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക എന്നൊരു ഒരു ചൊല്ലുണ്ട്. അതാണ് ഇപ്പോള് താങ്കളുടെ അവസ്ഥ’ എന്നായിരുന്നു കെ.ആർ. രമേശ് കുമാറിന്റെ പ്രസ്താവന. കോൺഗ്രസ് അംഗങ്ങൾ തന്നെ ഇതിനെതിരെ രംഗത്തുവന്നു. ‘ഇത്തരം മ്ലേച്ഛവും നാണംകെട്ടതുമായ പെരുമാറ്റത്തിന് മുഴുവൻ സ്ത്രീകളോടും ഈ രാജ്യത്തെ എല്ലാ അമ്മയോടും സഹോദരിയോടും മകളോടും മാപ്പ് ചോദിക്കണം” കോൺഗ്രസ് എംഎൽഎ നിംബാൽക്കർ ട്വീറ്റ് ചെയ്തു. പരാമർശം ശരിയല്ലെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ് എംഎൽഎ സൗമ്യ റെഡ്ഡിയും ആവശ്യപ്പെട്ടു.