ലഹരി ഉപയോഗം വിലക്കിയതിന് പതിനാറുകാരൻ മാതാപിതാക്കളെ കോടാലിക്ക് വെട്ടിക്കൊന്നു, പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചത് പുഞ്ചിരിയോടെ
ജയ്പൂർ: ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന്റെ ദേഷ്യത്തിൽ പതിനാറുകാരൻ മാതാപിതാക്കളെ കോടാലികൊണ്ട് വെട്ടിക്കൊന്നു. എതിർക്കാൻ ശ്രമിച്ച ഇളയസഹോദരനെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഹനുമാൻഗഢിലെ നോഹർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമാണ് കൊടുംക്രൂരത നടന്നത്. മാതാപിതാക്കൾ ഉറങ്ങിക്കിടന്നപ്പോഴാണ് കൊലനടത്തിയതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി.ചെറുപ്രായത്തിലേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു കൗമാരക്കാരൻ. കുറച്ചുനാൾ മുമ്പ് ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കൾ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കി. ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. തന്നെ ലഹരി വിമോചന കേന്ദ്രത്തിലാക്കിയതിന് കൗമാരക്കാരൻ രക്ഷിതാക്കളോട് കടുത്ത ദേഷ്യത്തിലായിരുന്നു. ലഹരി ഉപയോഗം തുടർന്നാൽ വീണ്ടും ചികിത്സയ്ക്ക് അയക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞതോടെ ദേഷ്യം കടുത്തു. തുടർന്നാണ് രണ്ടുപേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.ഉറങ്ങിക്കിടക്കുമ്പോൾ കൊല്ലുന്നതാണ് എളുപ്പമെന്ന് മനസിലാക്കി അതിനായി ആയുധവുമൊരുക്കി കാത്തിരുന്നു. കഴിഞ്ഞദിവസം ഇരുവരും നല്ല ഉറക്കത്തിലായെന്ന് വ്യക്തമായതോടെ കിടപ്പുമുറിയിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.മതാപിതാക്കളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഇളയ സഹോദരനെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രണ്ടുപേരെ വെട്ടിക്കൊന്ന വിവരം നാട്ടുകാരെ അറിയിച്ചതും കൗമാരക്കാരൻ തന്നെയാണ്.കൗമാരക്കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട കോടാലിയും കണ്ടെടുത്തു. ഒരു കൂസലുമില്ലാതെ ചെറുപുഞ്ചിരിയോടെയാണ് പൊലീസിനോട് പ്രതി കാര്യങ്ങൾ വിശദീകരിച്ചത്.