പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എസ്ഡിപിഐയുടെയും മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ സംഘർഷം.പോലീസ് ലാത്തിവീശി
മംഗളുരു:: മംഗളുരു ഉപ്പിനങ്ങാടിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെയും എസ്ഡിപിഐയുടെയും മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയവർക്ക് നേരെ പൊലീസ് നടത്തിയ ലാതിചാർജിൽ നിരവധി പേർക്ക് പരിക്ക്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപോർടുണ്ട്. എസ്ഡിപിഐ പ്രാദേശിക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൊട്ടുപിന്നാലെ നിരവധി പിഎഫ്ഐ, എസ്ഡിപിഐ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. തുടർന്ന് ഡിവൈഎസ്പി ഡോ.ഗണകുമാർ സമരക്കാരുമായി സംസാരിക്കുകയും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി. എന്നാൽ ഒരാളെ മാത്രം പൊലീസ് വിട്ടയച്ചപ്പോൾ മറ്റുരണ്ടുപേരെ കൂടി ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ വീണ്ടും രാത്രി പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. തുടർന്ന് രാത്രി ഒമ്പത് മണിയോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാതിചാർജ് നടത്തുകയായിരുന്നു.
എസ്ഡിപിഐ നേതാക്കൾ പറയുന്നത് ഇങ്ങനെ
ലാതിചാർജിനെ തുടർന്നുണ്ടായ പരിക്കുകളുടെ ഭീകരമായ വ്യാപ്തി പരിശോധിക്കുമ്പോൾ പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പൊലീസ് വടി അല്ലാതെ മറ്റ് ആയുധങ്ങൾ ഉപയോഗിച്ചിരിക്കാമെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. നിരപരാധികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും ഇതിനെതിരെ സമാധാനപരമായി പ്രകടനം നടത്തിയ സമരക്കാർക്ക് നേരെ ക്രൂരമായി ലാതിചാർജ് നടത്തുകയായിരുന്നെന്നും എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ
ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന് എതിർവശത്ത് പ്രകടനം നടത്തിയ ജനക്കൂട്ടം അക്രമാസക്തമായി പെരുമാറുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും മൂർചയേറിയ ആയുധങ്ങളുമായി സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു .സമീപത്ത് പാർക് ചെയ്തിരുന്ന ആംബുലൻസിൽ നിന്ന് പ്രവർത്തകരിൽ ചിലർ ആയുധങ്ങളും ഒഴിഞ്ഞ സോഡ കുപ്പികളും എടുത്ത് ആക്രമിക്കുകയും കല്ലെറിയുകയും വാഹനങ്ങളും മറ്റ് പൊതു സ്വത്തുക്കളും നശിപ്പിച്ചു . ഇവരെ ഓടിക്കാൻ ലാത്തിച്ചാർജ് നടത്തുകയല്ലതെ മറ്റു വഴി ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നിട്ടില്ല , . ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്,
പരിക്കേറ്റവരിൽ സമരം നയിച്ച സയ്യിദ് ആതൂർ തങ്ങളും ഉൾപെടുന്നുണ്ട് .പ്രദേശത്ത് 144 പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ബുധനാഴ്ച ഉപ്പിനങ്ങാടി നഗരം സാധാരണ നിലയിലേക്ക് വരികയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.