ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കൽ ; ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് സുപ്രധാന ഭേദഗതികള്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുക, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുക, ഡ്യൂപ്ലിക്കേറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നാല് പ്രധാന പരിഷ്കാരങ്ങള്‍ അവതരിപ്പിക്കും. പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐ.ഡിയോ ഇലക്ടറല്‍ കാര്‍ഡോ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് സീഡിംഗ് (ബന്ധിപ്പിക്കല്‍) ഇപ്പോള്‍ അനുവദിക്കും. എന്നിരുന്നാലും, മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിക്ക് അനുസൃതമായി ഇത് സ്വമേധയാ ചെയ്യുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ടുകള്‍ വളരെ പോസിറ്റീവും വിജയകരവുമാണെന്നും, ഈ നടപടി തനിപ്പകര്‍പ്പ് ഇല്ലാതാക്കുകയും വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന ആദ്യ തവണ വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത കട്ട്-ഓഫ് തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ഇതുവരെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
സര്‍വീസ് ഓഫീസര്‍മാരുടെ ഭര്‍ത്താവിനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട്, സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ലിംഗഭേദമില്ലാതെ നിയമം കൊണ്ടുവരാനും തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പുരുഷ സര്‍വീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ, വനിതാ സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിന് ഈ സൗകര്യം ലഭ്യമല്ല. തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഏത് സ്ഥലവും ഏറ്റെടുക്കാന്‍ ആവശ്യമായ എല്ലാ അധികാരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. തെരഞ്ഞെടുപ്പ് കാലത്ത് സ്കൂളുകളും മറ്റ് പ്രധാന സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതില്‍ നേരത്തെ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ ശീതകാല സമ്മേളനത്തില്‍ ഈ സുപ്രധാന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.