കെഎസ്ആർടിസിയിൽ മാസം പകുതിയായിട്ടും ശമ്പളമില്ല; മുഴുവൻ പണവും നൽകില്ലെന്ന് ധനവകുപ്പ്, ജീവനക്കാർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: മാസം പകുതിയായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി. കോർപറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 30 കോടി ബാങ്ക് കൺസോർഷ്യം വായ്പയ്ക്കായി പിടിച്ചതോടെയാണ് ശമ്പളം നൽകാൻ കഴിയാത്തത്. ശമ്പളം ലഭിക്കാതെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്.നവംബർ മാസവും ശമ്പളം വൈകിയിരുന്നു. മാസം പകുതിയായ ശേഷമാണ് അന്ന് ഒക്ടോബർ മാസത്തെ ശമ്പളം നൽകിയത്. സഹായം ആവശ്യപ്പെട്ട കോർപറേഷനോട് നിലവിൽ ശമ്പള വിതരണത്തിന് മുഴുവൻ തുകയും നൽകാൻ കഴിയില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.നവംബർ മാസത്തിലെ രണ്ട് ദിവസം പണിമുടക്കിയതിനാൽ ഈ ദിവസങ്ങളിലെ ശമ്പളമൊഴിച്ച് 68 കോടിരൂപയാണ് ശമ്പളത്തിനായി വേണ്ടിവരിക. 31 കോടി രൂപയായിരുന്നു കോർപറേഷന്റെ കൈയിലുണ്ടായിരുന്നത്. ഇതിന്റെ ബാക്കി 37 കോടിയാണ് ധനവകുപ്പ് നൽകിയത്. എന്നാൽ കെഎസ്ആർടിസിയുടെ പക്കലെ 30 കോടി ബാങ്ക് കൺസോർഷ്യമായി പിടിച്ചതോടെ ശമ്പളം നൽകാൻ കഴിയാത്ത നിലയിലാണ് കോർപറേഷൻ.