പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കമരുന്നും മദ്യവും നൽകി പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് സ്വദേശി അടക്കം മൂന്ന് പേർ അറസ്റ്റിൽ
മംഗ്ളുറു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മയക്കമരുന്നും മദ്യവും നൽകി മകളെ ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് മംഗ്ളുറു നഗര പരിധിയിലെ രണ്ട് പേരെയും കാസർകോട് ജില്ലയിലെ മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപാർട്മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം അപാർട്മെന്റിൽ ഇവരെ അസ്വാഭാവികമായി കണ്ടതിനാൽ സ്ഥലത്ത് ആളുകൾ തടിച്ച് കൂടി സംഘർഷാവസ്ഥ ഉണ്ടാവുകയും പൊലീസ് കുതിച്ചെത്തി യുവാക്കളെ പിടികൂടുകയും പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നുവെന്ന് ആയിരുന്നുവെന്ന് പൊലീസ് കമീഷനർ കൂട്ടിച്ചേർത്തു. പെൺകുട്ടിയെ കൗൺസിലിങ്ങിന് അയച്ചതായും അദ്ദേഹം അറിയിച്ചു.
അറസ്റ്റിലായവരിൽ ഒരാൾ നേരത്തെ ബജ്പെ സ്റ്റേഷൻ പരിധിയിലെ പീഡന കേസിലും പ്രതിയാണെന്നും നിലവിൽ രണ്ട് പോക്സോ, കവർച, എൻഡിപിഎസ് ആക്ട് എന്നിവ ഉൾപെടെ ഏഴ് കേസുകൾ ഇയാൾക്കെതിരെ റെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമീഷനർ വെളിപ്പെടുത്തി.