കരാർ വ്യവസ്ഥ ലംഘനം ; കാസർകോട് ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോര്‍ഡ്.
കാസർകോട് : സര്‍ക്കാരിന് നല്കിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോര്‍ഡ്. കാസര്‍കോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നല്കിയ 1.66 ഏക്കര്‍ തിരിച്ചു പിടിക്കാനാണ് നടപടി ആരംഭിച്ചത് . ആശുപത്രിക്കായി നല്കിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോര്‍ഡിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക് നീങ്ങിയത്
വഖഫ് ബോര്‍ഡ് കാസര്‍കോട് ജില്ലാ പ്രസിഡന്റിന് നോട്ടീസയച്ചു. ഭൂമി കൈമാറിയത് കലക്ടറും വഖഫ് ബോര്‍ഡും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു. .വഖഫിന്റെ സ്വത്തിന് പകരം കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് വഖഫ് നിയമം. ഏത് കാര്യത്തിനാണോ വഖഫ് ചെയ്തത് അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖഫിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്വം. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കാസര്‍കോഡ് കോവിഡ് ചികിത്സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് സമസ്തക്ക് കീഴിലുള്ള വഖഫ് ഭൂമി കരാര്‍ നിബന്ധനകളോടെയാണ് സര്‍ക്കാരിന് കൈമാറിയത്. കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത്ത് ബാബു, വഖഫ് ബോര്‍ഡ് ചെയര്മാന്, വഖഫ് ട്രസ്റ്റിന്റെ ചെയര്‍മാനും സമസ്ത നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നീ ത്രികക്ഷി ചര്‍ച്ചക്കു ശേഷം ഇപ്പോള്‍ കൈമാറുന്ന 1.66 ഏക്കര്‍ ഭൂമിക്ക് പകരം ചട്ടഞ്ചാല്‍ ആശുപത്രിക്ക് സമീപം തെക്കില്‍ വില്ലേജിലെ 1.66 ഏക്കര്‍ അളവിലുള്ള മറ്റൊരു സ്ഥലം കൈമാറാമെന്നായിരുന്നു കരാര്‍. ഇളവുകളോടെ വഖഫ് ബോര്‍ഡ് വഖഫ് സ്വത്ത് കരാറിലൂടെ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പകരം ഭൂമിയായി പറഞ്ഞ സ്ഥലം ഇത്രയും കാലത്തിനിടയില്‍ കൈമാറാത്ത സാഹചര്യത്തിലാണ് വഖഫ് ബോര്‍ഡ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നത്. അതെ സമയം നേരത്തെ ഉണ്ടാക്കിയ കരാർ പ്രകാരം പകര ഭൂമി വഖഫ് ബോർഡിന് നല്കാൻ നടപടികൾ വേഗത്തിലാക്കൻ നിർദേശം ലഭിച്ചതായി സൂചനയുണ്ട് .