ബേക്കല്‍ കോട്ടയില്‍ എന്‍.ഡി.ആര്.എഫ് മോക്ഡ്രില്‍ ഡിസംബര്‍ 15 ന്
കാസർകോട് :ബേക്കല്‍ കോട്ടയില്‍ ഡിസംബര്‍ 15 ന് രാവിലെ എട്ടിന് ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രില്‍ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേര്‍ന്നു. യോഗത്തില്‍ എ.ഡി.എം എ.കെ രമേന്ദ്രന്‍, എന്‍.ഡി.ആര്.എഫ് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍പാല്‍ രജ്പുത്, എസ്.ഐ കെ. മനീഷ് എന്നിവര്‍ സംസാരിച്ചു. എന്‍.ഡി.ആര്.എഫിന്റെ നാലാം ബെറ്റാലിയനാണ് ബേക്കലില്‍ മോക്ഡ്രില്‍ നടത്തുന്നത്.
ആസാദീ കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള വിവിധ ഭാഗങ്ങളില്‍ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്.എഫ്) മോക്ഡ്രില്ലുകള് സംഘടിപ്പിച്ചു വരികയാണ്. ബേക്കല്‍ കോട്ടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ ഭൂകമ്പമുണ്ടായാല്‍ കുഴപ്പത്തിലാകുന്ന പത്ത് പേരെ രക്ഷിക്കുന്നതാണ് മോക്ഡ്രില്ല് ചെയ്യുക. കെട്ടിടത്തിനകത്ത് പെട്ട് പോകുന്ന ആളുകളെ പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലം നേടിയ എന്‍.ഡി.ആര്.എഫ് രക്ഷിക്കുന്നതും തുടര്‍ന്ന് അവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി പെരിയ സി.എച്ച്.സിയിലേക്ക് മാറ്റുന്നതുമാണ് മോക്ഡ്രിലില്‍ ഉള്‍പ്പെടുത്തുക.