കൂടുതൽ ട്രെയിനുകളിൽ ട്രെയിൻ ഹോസ്റ്റസുമാരെ നിയമിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: വിമാനങ്ങളിലെ എയർഹോസ്റ്റസിന്റെ മാതൃകയിൽ ട്രെയിൻ ഹോസ്റ്റസ് സംവിധാനം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പ്രീമിയം സർവീസുകളിൽ മുഴുവൻ ട്രെയിൻ ഹോസ്റ്റസുമാരെ നിയമിക്കാനാണ് നീക്കം. വന്ദേഭാരത്, ഗതിമാൻ, േതജസ് എക്സ്പ്രസ് പോലുള്ള ട്രെയിനുകളിൽ ഇനി മുതൽ ഹോസ്റ്റസുമാരും ഉണ്ടാവും. എന്നാൽ, ദീർഘദൂരത്തേക്ക് സഞ്ചരിക്കുന്ന രാജധാനി, ദുരന്തോ എക്സ്പ്രസുകളിൽ ട്രെയിൻ ഹോസ്റ്റസുമാർ ഉണ്ടാവില്ല.
ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ആതിഥേയ സൽക്കാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഇതിനായി നിയമിക്കുമെന്ന് റെയിൽവേയിലെ ഉന്നത ഉദ്യേഗസ്ഥൻ പ്രതികരിച്ചു. യാത്രക്കാർക്ക് ഭക്ഷണം നൽകുക അവരുടെ പരാതികൾ പരിഹരിക്കുക എന്നതായിരിക്കും ഇവരുടെ പ്രധാന ചുമതല.
റെയിൽവേയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. പകൽ സമയങ്ങളിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ മാത്രമാകും ആദ്യഘട്ടത്തിൽ ട്രെയിൻ ഹോസ്റ്റസ് ഉണ്ടാവുക. നിലവിൽ 25 പ്രീമിയം സർവീസുകളാണ് റെയിൽവേ നടത്തുന്നത്.