അഴിമതി വിരുദ്ധ ദിനത്തിൽ കൈക്കൂലി വാങ്ങാൻ ‘ധൈര്യം’ കാട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ,
കൊല്ലം: ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുവദിച്ച കാലിത്തൊഴുത്തിന്റെ നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റിനായി ‘സബ്സിഡി വിഹിത’മെന്നോണം 1000 രൂപ കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം ഗ്രേഡ് ഓവർസിയർ കൊട്ടാരക്കര കിഴക്കേക്കര ചരുവിള പുത്തൻവീട്ടിൽ രാജു രാമചന്ദ്രനാണ് പിടിയിലായത്. വാളകം മേൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് മൂന്നോടെ ഇയാളെ അറസ്റ്റ് ചെയ്തത്.പരാതിക്കാരന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ നിന്നു ജനകീയാസൂത്രണ പദ്ധതിപ്രകാരം കാലിത്തൊഴുത്ത് അനുവദിച്ചിരുന്നു. ഇതിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. പൂർത്തീകരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ഓവർസിയറെ സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കാലിത്തൊഴുത്തിന് സബ്സിഡി ഇനത്തിൽ ലഭിക്കുന്ന 27,000 രൂപയിലെ വിഹിതമാണ് കൈക്കൂലിയായി ചോദിച്ചത്. വിജിലൻസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓവർസിയറെ മേൽകുളങ്ങര ജംഗ്ഷന് സമീപം വിളിച്ചു വരുത്തി 1000 രൂപ നൽകുകയായിരുന്നു. തുക വാങ്ങിയ ഉടൻ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി. ഇന്ന് കോടതിയിൽ ഹാജരാക്കും .