മഞ്ചേശ്വരം മിനി സിവില്സ്റ്റേഷന് അടിയന്തിരമായി നിര്‍മ്മിക്കണം
മഞ്ചേശ്വരം താലൂക്ക് മിനി സിവില്സ്റ്റേഷന് അടിയന്തിരമായി സ്ഥലം കണ്ടെത്തി നിര്‍മ്മാണം ആരംഭിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം താലൂക്കിന് അനുവദിച്ച സപ്ലൈ ഓഫീസിന് പുതിയ കെട്ടിടം ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും ഉപ്പള, പൈവളികെ പോലീസ് സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ കെ.എസ്.ആര്.ടി.സി. ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നും മലയോര ഹൈവേ വഴി കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ കുറവ് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് താലൂക്ക് വികസന സമിതി അഭിപ്രായപ്പെട്ടു. താലൂക്ക് പരിധിയിലെ പാതയോരങ്ങളിലും മറ്റും അപകട സാധ്യതയുളള രീതിയില്‍ വളര്‍ന്നിട്ടുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട ട്രീ കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , മഞ്ചേശ്വരം തഹസില്‍ദാര്‍ പി കെ ആന്റോ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.