യുവതീ യുവാക്കള്‍ക്ക് ആശ്വാസം ; പെന്ഷന് പ്രായം കൂട്ടില്ല
യുവതീ യുവാക്കള്‍ക്ക് ആശ്വാസം. പെന്ഷന് പ്രായം കൂട്ടില്ല. പെന്ഷന് പ്രായം 57 വയസായി വര്‍ധിപ്പിക്കണമെന്ന ശമ്പള കമ്മിഷന് നിര്‍ദേശത്തില്‍ രാഷ്ട്രീയ തീരുമാനമാണ് ഉചിതമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തി.
സര്‍വീസിലിരിക്കുന്ന ജീവനക്കാരന് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ ആശ്രിത നിയമനത്തിനുള്ള അര്‍ഹത റദ്ദാക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് കൈമാറി. ഇക്കാര്യത്തിലും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
ആശ്രിതനിയമനം റദ്ദാക്കണമെന്ന കെ.മോഹന്‍ദാസ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശ പരക്കെ ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് കമ്മീഷന് ശിപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയുമെന്നായിരുന്നു കമ്മീഷന്റെ മറ്റൊരു വിലയിരുത്തല്‍. എന്നാല്‍, ആശ്രിതനിയമനം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. ഇതിനു പുതിയ വ്യവസ്ഥകള്‍ നിര്‍ദേശിക്കുകയും ചെയ്തു. എട്ട് ലക്ഷം രൂപയില്‍ത്താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ ആശ്രിതര്‍ക്കാണ് നിലവില്‍ തുടക്ക തസ്തികയില്‍ നിയമനം നല്‍കുന്നത്.
ജീവനക്കാരന് മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിതന് 18 വയസ് തികഞ്ഞിരിക്കണമെന്നും നിയമനത്തിനുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ ആശ്രിത നിയമനത്തിനുള്ള അര്‍ഹത നഷ്ടപ്പെടും. അത്തരം സാഹചര്യങ്ങളില്‍, മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായ ധനം നല്‍കാനാണ് നിര്‍ദേശം. പെന്ഷന് പ്രായം കൂട്ടാനുള്ള ഏത് നിര്‍ദേശവും വിവാദമാകുമെന്നതിനാലാണ് അക്കാര്യത്തില്‍ ശിപാര്‍ശ നല്‍കേണ്ടെന്ന് ഉദ്യോഗസ്ഥസമിതി തീരുമാനിച്ചത്.
രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും അവര്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ ഇക്കാര്യം സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്. പെന്ഷന് പ്രായം നീട്ടുന്നില്ലെങ്കില്‍ ഇക്കൊല്ലം വിരമിക്കുന്നത് 21,537 ജീവനക്കാരാണ് . 2022-ല്‍ 20,719 ജീവനക്കാരും വിരമിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഏകദേശം 25000 ത്തോളം ജീവനക്കാര്‍ വിരമിക്കും. വിരമിക്കല്‍ പ്രായം നീട്ടിയാല്‍ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളുടെ നിയമനം വൈകും.