ഞങ്ങളുടെ വസ്ത്രങ്ങൾ അവർ അഴിച്ചുമാറ്റി, മാർക്കറ്റിലൂടെ വലിച്ചിഴച്ചു, ഞങ്ങളെ ഭീഷണിപ്പെടുത്തി’; മോഷണകുറ്റം ആരോപിച്ച് സ്ത്രീകൾക്ക് ക്രൂരമര്‍ദനം
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ത്രീകൾക്കു നേരെ ക്രൂരമായ അതിക്രമം. നാലു സ്ത്രീകളെ മര്‍ദ്ദിക്കുകയും നഗ്നരാക്കുകയും ചെയ്തു. ഫൈസാലബാദിലെ ബവ ചക് മാർക്കറ്റിലാണ് സംഭവം. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇരകളായ നാല് പേരില്‍ ഒരാള്‍ കൗമാരക്കാരിയാണെന്നാണ് വിവരം.
ഉസ്മാൻ ഇലക്ട്രിക് സ്റ്റോർ ഉടമ സദ്ദാം, ഇയാളുടെ കീഴിൽ ജോലി ചെയ്യുന്ന ഫൈസൽ, സഹീർ അൻവർ, ഫക്കീർ ഹുസൈൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിയാനാകാത്ത പത്തോളം പേരും കേസിൽ പ്രതികളാണ്. പരാതിക്കാരിയും മറ്റു മൂന്ന് സ്ത്രീകളും ചേർന്ന് തിങ്കളാഴ്ച രാവിലെ 10.30 യോടെയാണ് ഇലക്ട്രോണിക് കടയിലെത്തിയത്.
ദാഹിച്ചതിനെത്തുടർന്ന് കടയിൽ കയറി കടയുടമയായ സദ്ദാമിനോട് ഒരു കുപ്പി വെള്ളം ചോദിക്കുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് സദാം ഇവരോട് വഴക്കുണ്ടാക്കുകയായിരുന്നു. ദുരുദ്ദേശത്തോടെയാണ് സ്ത്രീകൾ തന്റെ കടയിൽ കയറിയതെന്ന് ആരോപിച്ചായിരുന്നു ഇയാൾ വഴക്കിട്ടത്. സദ്ദാമിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് സംഭവത്തിലെ മറ്റുപ്രതികൾ കടയിലേക്ക് എത്തി. ‘ഒരുമണിക്കൂറോളം അവർ ഞങ്ങളെ മർദിച്ചു വിവസ്ത്രരാക്കി. ഞങ്ങളുടെ നഗ്ന വിീഡിയോ പകർക്കുകയും ചെയ്തു.’– പരാതിക്കാരി പോലീസിനോട് വ്യക്തമാക്കി. തങ്ങളെ അക്രമിക്കുന്നത് തടയാന്‍ കണ്ട് നിന്ന ഒരാള്‍ പോലും ശ്രമിച്ചില്ലെന്നും അവര്‍ പറയുന്നു. അറസ്റ്റിലായവര്‍ക്ക് പുറമേ ഒളിവിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ത്രീ ആവശ്യപ്പെട്ടതായി എഎഫ്ഐആറിൽ പറയുന്നു. ‘ ഞങ്ങളുടെ വസ്ത്രങ്ങൾ അവർ അഴിച്ചുമാറ്റി. മാർക്കറ്റിലൂടെ വലിച്ചിഴച്ചു. ഞങ്ങളെ ഭീഷണിപ്പെടുത്തി. ഈ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം.’–പരാതിക്കാരി പറയുന്നു. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതായി പാക്കിസ്ൻ മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലൈംഗികാതിക്രമം, ഗാർഹികപീഡനം എന്നീ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.