ലീഗിന്റേത് രാഷ്ട്രീയ റാലി ; ഒരു പാർട്ടിയുമായും അകലമില്ല ; സമസ്ത
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കോഴിക്കോട്ട് നടത്തുന്നത് രാഷ്ട്രീയ റാലിയാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സമസ്തയ്ക്ക് അകലമില്ല. സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കി പിന്നീട് മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വച്ചതാണ്. അതിന് മുമ്പേ മുഖ്യമന്ത്രി വിളിച്ചു. വിഷയം സംസാരിച്ചു തീര്‍ക്കണമെന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കില്‍ സമരം വേണ്ടല്ലോ… മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
നിയമം പിന്‍വലിച്ചിട്ടില്ലല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഉടന്‍ നടപ്പാക്കില്ലെന്നും ഭാവിയില്‍ എന്ത് ചെയ്യണമെന്ന് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നുമാണ് പറഞ്ഞത്. ഇത് മാന്യമായ വാക്കല്ലേ എന്ന് തങ്ങള്‍ ചോദിച്ചു. മുസ്ലിം സംഘടനകളുടെ പൊതു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമസ്തയ്ക്കില്ല. അത് ആവശ്യം വരുമ്പോള്‍ തങ്ങന്മാര് വിളിക്കുമ്പോള്‍ ചര്‍ച്ച ചെയ്യുക എന്നതാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പാക്കണം
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ലീഗിന്റെ വഖഫ് സമരവേദികളില്‍ നിന്ന് സമസ്ത പിന്‍വലിഞ്ഞത് ചര്‍ച്ചയായതോടെ ഇന്നലെ ചേളാരി സമസ്താലയത്തില്‍ അടിയന്തര ഏകോപന സമിതി യോഗം ചേര്‍ന്നു. സമസ്തയുടെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞത് ആശാവഹമാണ്. മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം. അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി പോവാനും യോഗം തീരുമാനിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, എ.ടി.അബ്ദുള്ള മുസ്ലിയാര്, പി.പി.ഉമ്മര്‍ മുസ്ലിയാര്, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ഉമ്മര്‍ ഫൈസി, ഡോ: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി തുടങ്ങിയവര്‍ പങ്കെടുത്തു.