തളിപ്പറമ്പ്: പൗരത്വ ബില്ലിനെതിരെ എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനത്തിന് നേരെ ബസ് ഇടിച്ചു കയറ്റി. രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്ഡിപിഐ പ്രവര്‍ത്തകരായ താഹിര്‍, അബൂബക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബസ് കണ്ടക്ടര്‍ക്കും പരിക്കേറ്റു. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടിലോടുന്ന മാധവി ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ തളിപ്പറമ്പ ടൗണില്‍ പ്രകടനം നടത്തി. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
പൗരത്വ ബില്ലിനെതിരേ എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് നേരെ ബസ് ഇടിച്ചു കയറ്റിയത് ഗൗരവമായി കാണണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ എസ്ഡിപിഐ മണ്ഡലം നേതാക്കളായ എസ്പി മുഹമ്മദലി, സി ഇര്‍ഷാദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതില്‍ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇബ്രാഹിം തിരുവട്ടൂര്‍, ഖജാഞ്ചി പി ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.