പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പൊതുനിബന്ധന മാറുന്നു, ശമ്പളവും വിദ്യാഭ്യാസയോഗ്യതയും കണക്കാക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പൊതു നിബന്ധന മാറുന്നു. പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസയോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധന. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ ശൈഖ് ഫൈസൽ അൽ നവാഫാണ് ട്രാഫിക് വിഭാഗത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമാക്കിയിട്ടുള്ള പ്രവാസികൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദേശം. 600 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പൊതു നിബന്ധന. ശമ്പളം,ജോലി, വിദ്യാഭ്യാസയോഗ്യത അടക്കമുള്ള മാനദണ്ഡങ്ങൾ നിലവിൽ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന പ്രവാസികളുടെ ലൈസൻസ് റദ്ദാക്കും.നേരത്തെ ശമ്പള നിബന്ധന പാലിച്ചിരുന്നവർ പുതിയജോലിയിലേക്ക് മാറിയശേഷം ശമ്പളത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവർ ജോലി മാറിയിട്ടുണ്ടെങ്കിലും ലൈസൻസ് നഷ്ടമാവും. മീഡിയ രംഗത്ത് പ്രവർത്തിച്ചിരുന്നവർ ഉൾപ്പെടെ ശമ്പള നിബന്ധനയിൽ ഇളവ് അനുവദിക്കപ്പെട്ടിരുന്നവർ ആജോലിയിൽ നിന്ന് മാറിയിട്ടുണ്ടെങ്കിലും ലൈസൻസ് റദ്ദാക്കുമെന്നാണ് അറിയിപ്പ്. ലൈസൻസ് പുതുക്കുമ്പോഴും ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയശേഷമായിരിക്കും പുതുക്കി നൽകുക.