പ്രളയനാളുകളിൽ കേരളത്തെ തേടിയെത്തിയ മനുഷ്യസ്നേഹി; ബിപിൻ റാവത്ത് ഓർമയാകുമ്പോൾ നഷ്ടം മലയാളികളുടേത് കൂടിയാണ്
തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഓർമയാകുമ്പോൾ കേരളത്തിനും പറയാനുണ്ട് തീർത്താൽ തീരാത്ത കടപ്പാട്. 2018ലെ പ്രളയകാലത്ത് അന്നത്തെ കരസേനാ മേധാവി ചെയ്ത സഹായങ്ങൾ ഇന്നും കേരളം വിസ്മരിച്ചിട്ടില്ല. പേമാരിയും ചുഴലിക്കാറ്റും പെരുവെള്ളപ്പാച്ചിലും ദുരന്തം വിതച്ചപ്പോൾ രക്ഷപ്രവർത്തനങ്ങളിൽ കരസേനയും മുന്നിൽ നിന്നിരുന്നു. അതിന് വേണ്ട എല്ലാ നിർദേശങ്ങളും നൽകിയത് മേധാവിയായ ബിപിൻ റാവത്തും. കരസേനയുടെ എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കാനായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയ നിർദേശം. ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.എം ശേഖർ കുര്യാക്കോസ് ആ അനുഭവം തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.ഇന്ത്യയുടെ ജനറൽ, ഒരു മനുഷ്യസ്നേഹി, ആ ഒരു ഫോൺ വിളി… 2018ലെ പ്രളയം അതിന്റെ തീവ്രതയിൽ നിൽക്കുമ്പോൾ ബഹു. മുഖ്യമന്ത്രി കരസേനയോട് അവരുടെ ഒരു പ്രത്യേക വിഭാഗത്തെ കേരളത്തിൽ വിന്യസിക്കാമോ എന്ന് ഒരു യോഗത്തിൽ ചോദിച്ചു. നമ്മുടെ ബ്രിഗേഡിയർ അരുൺ സാർ അതിനു ശ്രമിക്കാം എന്നും പറഞ്ഞു. യോഗം കഴിഞ്ഞ് തിരികെ കുര്യൻ സാറിന്റെ മുറിയിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോ എന്റെ ഔദ്യോഗിക മൊബൈലിൽ നമ്പർ തെളിയാത്ത ഒരു കോൾ വന്നു. ഒരു കോളും എടുക്കാതെ ഇരിക്കരുത് എന്നതിനാൽ ഫോൺ എടുത്തു. എടുക്കാതെ ഇരുന്നെങ്കിൽ ഇങ്ങനെ ഇന്ന് ഓർക്കുവാൻ കഴിയില്ലായിരുന്നു.ഘനഘാംഭീര്യമുള്ള ഒരു ശബ്ദം എന്നോടു പറഞ്ഞു. ഇന്ത്യയുടെ കരസേനാ മേധാവിക്ക് എന്നോട് സംസാരിക്കണം, ഫോൺ കണ്ര്രക് ചെയ്യുന്നു എന്ന്. നമ്മുടെ എയർ മാർഷൽ സുരേഷ് സാർ, വൈസ് അഡ്മിറൽ, മേജർ ജനറൽമാർ എന്നിവരോടൊക്കെ ആ സമയങ്ങളിൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ പട്ടാള തലവൻ നേരിട്ടു വിളിക്കുന്നു! ഭയവും, ബഹുമാനവും ഒക്കെ കലർന്ന സ്വരത്തോടെ സർ, ഗുഡ് ഈവെനിംഗ് എന്ന് പറഞ്ഞ് ആരംഭിച്ചു. തിരികെ അദ്ദേഹം പേര് പറഞ്ഞ് പരിചയപ്പെടുത്തി. കേരളത്തിലെ സ്ഥിതി ഗതികൾ വിശദമായി ചോദിച്ച് അറിഞ്ഞു. ബാധിക്കപ്പെട്ട പ്രധാന സ്ഥലങ്ങൾ, നിയോഗിക്കപ്പെട്ട സേനകളുടെ വിവരങ്ങൾ, മരണങ്ങളുടെയും, പരുക്കേറ്റവരുടെയും വിവരങൾ എന്നിവയും ചോദിച്ചു.കരസേനയുടെ അധിക സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു. അരുൺ സാറിന് എല്ലാ കാര്യങ്ങളും അറിയാം എന്നും, കുറച്ചു മുൻപ് നടന്ന യോഗത്തിൽ ബഹു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും ഞാൻ അറിയിച്ചു. കൂടുതൽ ആവശ്യങ്ങൾ അറിയാൻ കുര്യൻ സാറിനെയും, ചീഫ് സെക്രട്ടറിയെയും വിളിക്കുന്നത് ഉചിതം ആകും എന്ന് അദേഹത്തെ അറിയിച്ചു.ഏകദേശം 10 മിനിറ്റ് സംസാരിക്കുകയും കുര്യൻ സാറിന്റെയും, ചീഫ് സെക്രട്ടറിയുടെയും വ്യക്തിഗത നമ്പർ അദേഹത്തിന്റെ സഹായിയായ ഉദ്യോഗസ്ഥന് നൽകുവാനും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ജനങ്ങളോട് നമ്മുടെ വിഷമ ഘട്ടത്തിൽ ഐക്യപ്പെട്ടുകൊണ്ട്, ‘ജയ് ഹിന്ദ്’ എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹം ഫോൺ വെച്ചു.ഇന്ത്യയുടെ കരസേനാ മേധാവിക്ക് ഈ വിവരങൾ അറിയാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. എന്നിട്ടും കേരളത്തിലെ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് ചോദിക്കുന്നത് അദേഹത്തിലെ ഉത്തരവാദിത്തബോധം ഉള്ള മനുഷ്യസ്നേഹിയെ ആണ് കാണിക്കുന്നത്. കേരളത്തോട് കരസേന കാണിച്ച കരുതൽ ആണ് അത്. അദേഹത്തിന്റെ കുടുംബത്തോടൊപ്പം നമ്മൾ മലയാളികളും ഉണ്ടാകണം, ഉണ്ടാകും. നമ്മുടെ കരസേന 2018ലും 2019ലും നമുക്ക് നല്കിയ എല്ലാ സേവനങ്ങളിലും അദേഹത്തിന്റെ നേതൃത്വവും പങ്കും ഉണ്ട്. ഇന്ത്യയുടെ ജനറൽ, ഒരു മനുഷ്യസ്നേഹി, ആ ഒരു ഫോൺ വിളി…