വാക്സിന് എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ ചികിത്സാ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി
വാക്സിന് എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ ചികിത്സാ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് എടുക്കാത്തവര്‍ എത്രയും വേഗം വാക്സിന് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം ശക്തമായപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിനപ്പുറം പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപിക്കുന്നുവെന്ന് ചിലര്‍ പറയുന്നത് രോഗം ബാധിക്കാത്ത നിരവധി പേര് സംസ്ഥാനത്ത് ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നതിനാല്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്നും ഏതുവിഷയത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇതുവരെ 96 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 65 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്കി. ഈ മാസം പതിനഞ്ചിന് മുമ്പ് രണ്ടാം ഡോസ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.