മത സൗഹാര്‍ദ്ദ സന്ദേശയാത്രയുമായി യൂത്ത് കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മതഭ്രാന്ത് സമസ്ത മേഖലകളിലേക്കും കാന്‍സര്‍ പോലെ പടര്‍ന്ന് കയറുകയും വെള്ളവും വായുവും ഭക്ഷണവും മതത്തിന്റെ പേരില്‍ വേര്‍തിരിയുകയും ചെയ്യുന്ന ഛിദ്രശക്തികളെ എതിര്‍ത്തു തോല്‍പ്പിക്കാതിരുന്നാല്‍ വരും തലമുറയ്ക്ക് നാം സമ്മാനിക്കുന്നത് ഒരു ഇരുണ്ട കാലമായിരിക്കും. നാം പരിപാലിച്ചു കൊണ്ടിരിക്കുന്ന സൗഹാര്‍ദ്ദവും സഹപ്രവര്ത്തിത്വവും തകര്‍ക്കുകയാണ് മത വര്‍ഗ്ഗീയവാദികളുടെ ലക്ഷ്യം. ഇതിനെതിരെ പൊതുസമൂഹം ഉണരണമെന്നും വര്‍ഗ്ഗീയവാദികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും ഓടിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
മത വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനുമെതിരെ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ മത സൗഹാര്‍ദ്ദ സന്ദേശയാത്ര നടത്താനും യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക യോഗം യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ദിനേശന് പൂച്ചക്കാടിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ മതം എന്ന വിഷയത്തില്‍ ടി.വി.വിജയന് മാസ്റ്റര്‍ പ്രഭാഷണം നടത്തി.പ്രമോദ് കരുവളം, എന്‍.സുകുമാരന്‍, ടി.വി.രാജു ഒളവറ, മദന മോഹന്‍, ബാലചന്ദ്രന് കുണ്ടംകുഴി,അബ്ദുള്ള സൂപ്പര്‍, കെ.കെ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.