16 വർഷം നീണ്ടു നിന്ന ചന്ദനവേട്ട കേസിൽ പ്രതികളുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ സാധിച്ചില്ല ,മുഴുവൻ പ്രതികളെയും വെറുതെവിട്ടു കോടതി
കാസർകോട്:ചന്ദന വേട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസിൽ വിധിയുണ്ടായിരിക്കുന്നത്. കാസർകോട് ഫോറസ്റ്റ് റേൻജ് ഓഫീസ് അധികൃതർ 2005 ൽ റെജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റം ആരോപിക്കപ്പെട്ട എൻ എ മുഹമ്മദ് സാലി, കെ പി ജഅഫർ, കെ വി മുഹമ്മദ്, ചെമ്പൻ അസീസ് എന്നിവരെ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
2005 മെയ് അഞ്ചിന് കാസർകോട് ഫോറസ്റ്റ് റേൻജ് ഓഫീസർ പി രാമചന്ദ്രനും കൂടെയുള്ള അഞ്ച് ഓഫീസർമാരും ചേർന്ന് നടത്തിയ പരിശോധനയിൽ നായന്മാർമൂലയിലെ എസെൻഷ്യൽ ഓയിൽ ഇൻഡസ്ട്രീസ് ചന്ദന ഫാക്ടറിയുടെ പരിസരത്ത് വെച്ച് കെ എൽ 01 പി 9191 നമ്പർ ലോറിയിൽ നിന്ന് 8,800 കിലോ ചന്ദന സ്പെന്റ് ഡെസ്റ്റും, 825 കിലോ ചന്ദന ചീളുകളും പിടിച്ചെടുത്തത് ബന്ധപ്പെട്ടായിരുന്നു കേസ്. പല റിസേർവ് കാടുകളിൽ നിന്നും അനധികൃതമായി ശേഖരിച്ച് കടത്തിയെന്നായിരുന്നു കേസ്.
ലോറിയും വസ്തുക്കളും കണ്ടെടുക്കുകയും രണ്ട് പേരെ സ്ഥലത്ത് നിന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾ ഓടിപ്പോയി എന്നായിരുന്നു കേസ്. പ്രോസിക്യൂഷന് പ്രതികളുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനാലും തെളിവുകളുടെ അഭാവത്തിലുമാണ് കുറ്റം ആരോപിക്കപ്പെട്ട നാല് പ്രതികളെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണൻ കെ ജി വെറുതെവിട്ടത്.
പ്രതികൾക്ക് വേണ്ടി അഡ്വകേറ്റുമാരായ പി എ ഫൈസൽ, ശംസുദ്ദീൻ ബി കെ, ജോൻസൺ, ഫാത്വിമത് സുഹ്റ പി എ, ജാബിർ അലി, അബ്ദുർ റഹ്മാൻ, മുഹമ്മദ് ആരിഫ് എന്നിവർ ഹാജരായി.