വടംവലിയിൽ താരങ്ങളായി പരപ്പയിലെ ഇരട്ടകൾ
പാലാവയൽ: പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ജില്ലാ അണ്ടർ -17 വടംവലി മത്സരങ്ങൾക്കിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഓവറോൾ ചാമ്പ്യൻമാരായ പരപ്പ ഗവ. സ്കൂളിനെ പ്രതിനിധീകരിച്ചെത്തിയ ഇരട്ട പെൺകുട്ടികളുടെ സാന്നിധ്യമാണ്. കാൽക്കീഴിലെ മണ്ണിലുറച്ചുനിന്ന് എതിരാളികളെ വടത്തിൽ കുരുക്കി വലിക്കുന്നതിന്റെ ആവേശത്തിനിടയിലും പുഞ്ചിരി കൈവിടാതിരുന്ന ഹരിനന്ദനയും ഹരിചന്ദനയും. ഇവരുൾപ്പെട്ട ടീമാണ് മിക്സഡ് വിഭാഗത്തിൽ ചാമ്പ്യന്മാരായത്. പരപ്പയിലെ ചുമട്ട് തൊഴിലാളി ഹരിയുടെയും അനുഷയുടെയും മക്കളായ ഇവർ പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ്. കഴിഞ്ഞവർഷം കായംകുളത്ത് നടന്ന സംസ്ഥാന അണ്ടർ 17 വടംവലി മത്സരത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പ് ആയ കാസർഗോഡ് ജില്ലാ ടീമിലും അംഗങ്ങളായിരുന്നു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ സെലക്ഷനും ഈ ഇരട്ടകൾക്ക് ലഭിച്ചു. സംസ്ഥാന വടംവലി കോച്ചായ കനക പ്പള്ളി സ്വദേശി പി സി പ്രസാദും സ്കൂളിലെ കായികാധ്യാപകരായ കെ രമേശനും ദീപ പ്ലാക്കലുമാണ് പരിശീലകർ