അമ്മയേയും സഹോദരിയേയും ജുവലറിയിലിരുത്തി, പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് പോയ യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: അമ്മയേയും സഹോദരിയേയും ജുവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്കായി യുവാവ് ബാങ്കിൽ നിന്ന് വായ്പ തേടിയിരുന്നു. ഇത് കിട്ടാത്തതിനെത്തുടർന്നുള്ള മാനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.വിപിനും കുടുംബത്തിനും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെ നിന്നും വായ്പ കിട്ടിയില്ല. പുതുതലമുറ ബാങ്കിലും വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ചെന്ന് കഴിഞ്ഞദിവസം അറിയിപ്പും കിട്ടി. തുടർന്നാണ് സ്വർണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജൂവലറിയിലേക്ക് പോയത്. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ഇരുവരെയും ജുവലറിയിലിരുത്തി വിപിൻ പോയി.എന്നാൽ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്. കുറേസമയം ജുവലറിയിൽ കാത്തിരുന്നിട്ടും കാണാതായതോടെ അമ്മയും സഹോദരിയും തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സൂപ്പർമാർക്കറ്റിലായിരുന്നു വിപിൻ ജോലി ചെയ്തിരുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടമായി. പിതാവ് അഞ്ച് വർഷം മുൻപ് മരിച്ചിരുന്നു.