ഒമിക്രോൺ പടർന്നാൽ എന്തു സംഭവിക്കും? മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ഒമിക്രോണിന്റെ അപകട സാധ്യത വളരെ ഉയർന്നതാകാമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒമിക്രോൺ വ്യാപിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോൺ അപകടകാരിയാണെന്ന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന നേരത്തെ പ്രതികരിച്ചത്.
മുൻപ് കൊവിഡ് ബാധിച്ചിട്ടുള്ളവരെയും വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത ഒമിക്രോൺ വകഭേദത്തിൻ്റെ വരവ് മൂലം വര്ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പ്രസ്താവനയിൽ പറഞ്ഞു. ഒരാഴ്ച മുമ്പാണ് പുതിയ വകഭേദമായ ബി.1.1.529 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. പിന്നീടാണ് ഒമിക്രോൺ എന്ന പേര് നൽകിയത്. എന്നാൽ വൈറസിന്റെ സ്വഭാവം അപകടകരമാണോ എന്നതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്നും സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
ഒമിക്രോൺ സംബന്ധിച്ചുള്ള പഠനം പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗ വ്യാപനത്തിന്റെ ശേഷി, വൈറസിന്റെ തീവ്രത തുടങ്ങിയ കാര്യങ്ങൾ പഠനത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോണിന്റെ വരവോടെ ലോകരാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ആഫ്രിക്കയിൽ നിന്നുള്ള യാത്രികർക്ക് പല രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ദക്ഷണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രസിഡന്റ് സിറിൽ റാമഫോസ രംഗത്തെത്തി. വൈറസിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാവിലക്കുകൾക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നാണ് റാമഫോസയുടെ പ്രതികരണം. ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുതിയതിൽ പുനരാലോചന ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞത്. നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.