ചെറുവത്തൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍.കാസര്‍കോട് ചൗക്കി കെ കെ പുറത്തെ അബ്ദുള്‍ ലത്തീഫ് (32), കണ്ണൂര്‍ താണയിലെ മുഹമ്മദ് ഹിനാസ് (22) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് ചെറുവത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കവര്‍ച്ച നടന്നത്. ആശുപത്രിയില്‍ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മൂന്നു മൊബൈല്‍ ഫോണുകളും 35,000 രൂപയും കവര്‍ന്നുവെന്നാണ് കേസ്.ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട ഈ തൊഴിലാളികള്‍ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. കിടന്നുറങ്ങുന്നതിനിടയിലാണ് മോഷ്ടാക്കളെത്തി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ കരാറുകാരന്റെ പരാതിയില്‍ കേസെടുത്ത പൊലീ സ് സൂക്ഷ്മതയോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്.ഇരുവരും നേരത്തെ കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.