കോടതി ഉത്തരവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു; പിതാവും മകനും അറസ്റ്റിൽ
പൂഞ്ഞാർ: കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ പൂഞ്ഞാർ സ്വദേശികൾ പിടിയിൽ. പൂഞ്ഞാർ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകൻ നിഹാൽ(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേൽ കെ വി റിൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാൻ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരൻ നിഹാലും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിൻസിയുടെ പരാതി.