പുരയിടം വൃത്തിയാക്കാന്‍ ഉടമ എത്തിയപ്പോള്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടം, ഒന്നര മാസം മുന്‍പ് കാണാതായ വീട്ടമ്മയെന്ന് ബന്ധുക്കള്‍….
പോത്തന്‍കോട്: കാട്ടായിക്കോണം ശാസ്തവട്ടം മടവൂര്‍പ്പാറ പരിസ്ഥിതി സൗഹൃദ പാര്‍ക്കിനു സമീപം കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തില്‍ സ്ത്രീയുടെ മൃതാവശിഷ്ടം കണ്ടെത്തി. ഒന്നര മാസം മുന്‍പ് കാണാതായ കാട്ടായിക്കോണം പൂപ്പന്‍വിളവീട്ടില്‍ ലീല എന്ന കനകമ്മയുടെ(67) മൃതദേഹമാണെന്ന് വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പോലീസിനു മൊഴി നല്കി. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ എന്നു പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ്ഐ വിനോദ് വിക്രമാദിത്യന് പറഞ്ഞു.
മനോദൗര്‍ബല്യമുളള ലീല മകളുടെ കല്ലയത്തുളള വീട്ടിലേക്കായി നവംബര്‍ പത്തിന് പോയ ശേഷം കാണാതായെന്നു മരുമകള്‍ ഇന്ദു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് മെറ്റില്‍ഡ കുറച്ചു നാള് മുന്‍പ് ലീലയെ ഈ ഭാഗത്ത് കണ്ടതായി സ്ഥിരീകരിച്ചിരുന്നു. തലയോട്ടിക്കും അസ്ഥിക്കഷണങ്ങള്‍ക്കും പുറമെ സാരി, ചെരുപ്പ്, പഴ്സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം മണ്ണോട് അഴുകി ചേര്‍ന്നിരുന്നു.
തിരിച്ചറിയാനുളള രേഖകള്‍ പഴ്സില്‍ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിന്ചെരുവില് പതിഞ്ഞ നിലയിലായിരുന്നു. കുന്നു കയറാന്‍ ശ്രമിക്കവെ മറിഞ്ഞു വീണ് അപകടത്തില്‍പ്പെട്ടതാകാമെന്നു കരുതുന്നു. പുരയിടം വൃത്തിയാക്കാന്‍ ഉടമ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ശാസ്തവട്ടം സ്വാമിയാര്‍മഠം റോഡില്‍ നിന്നു മുന്നൂറു മീറ്റര്‍ മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പോത്തന്‍കോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുളള പുരയിടമാണെന്ന് ഉടമ പറഞ്ഞു.
തിരുവനന്തപുരം: കഞ്ചാവുലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരനെ കൊലപ്പെടുത്തിയ കേസ്സില്‍ അമ്മ ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍ സിദ്ദിഖ് (20)നെയാണ് അമ്മ നാദിറ (43)കൊലപ്പെടുത്തിയത്.
പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കു കേസ്സെടുത്തു. 2020 സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്. സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ തൂങ്ങി മരിച്ചതാണെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പെട്ടെന്നു തന്നെ സംസ്കരിക്കാന്‍ നീക്കം നടക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
സംസ്കാര ഒരുക്കത്തിനിടെ പോലീസെത്തി കോവിഡ് പരിശോധനയുടെ പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ പരിശോധനയിലാണ് കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിയാണ് സിദ്ദിഖ് മരിച്ചതെന്നു കണ്ടെത്തിയത്. കൊലപാതകമാണെന്നു സ്ഥിരീകരിച്ചതോടെ പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.
മകന്റെ മൃഗീയ ഉപദ്രവത്തില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്നു നാദിറ പോലീസിനോടു പറഞ്ഞു. മകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെ നാദിറ സിദ്ദിഖിന്റെ കഴുത്തില്‍ പിടിച്ചു തളളി താഴെ ഇടുകയായിരുന്നു. പിടിവലിക്കിടെ നാദിറയുടെ ഷാള്‍ മകന്റെ കഴുത്തില്‍ കുരുങ്ങി വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങി മരണമെന്നു പറയാന്‍ കാരണം.