ആലത്തൂരിൽ നിന്ന് പോയത് മുംബയിലേക്ക്, കള്ളംപറഞ്ഞ് തമിഴ് കുടുംബത്തോടൊപ്പം താമസം; മൂന്ന് മാസം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
പാലക്കാട്: മൂന്ന് മാസം മുൻപ് ആലത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ സൂര്യയെ മുംബയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് പെൺകുട്ടിയെ കാണാതായത്.പുസ്തകം വാങ്ങാൻ എന്നും പറഞ്ഞായിരുന്നു സൂര്യ വീട്ടിൽ നിന്നിറങ്ങിയത്. തൊട്ടടുത്തുളള കടയിൽ പോയ പെൺകുട്ടി ഏറെ വൈകിയും തിരിച്ചെത്താതായതോടെ, ബന്ധുക്കളും അയൽക്കാരും ചേർന്ന് പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ അന്വേഷണം നടത്തി. കണ്ടെത്താൻ കഴിയാതായതോടെ സൂര്യയുടെ പിതാവ് ആലത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സൂര്യ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം ആലത്തൂർ മേഖലയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഫോൺ പോലും എടുക്കാതെയായിരുന്നു യാത്ര. അതിനാൽത്തന്നെ അന്വേഷണം വഴിമുട്ടി. മൂന്ന് മാസങ്ങൾക്കിപ്പുറം സൂര്യ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ച ഐപി ആഡ്രസും ലൊക്കേഷനും സൈബർ സെൽ കണ്ടെത്തി. മുംബയിലാണെന്ന് മനസിലായതോടെ ആലത്തൂരിൽ നിന്നുള്ള പൊലീസ് സംഘം ആങ്ങോട്ടേക്ക് യാത്രതിരിക്കുകയായിരുന്നു.പാലക്കാട് നിന്ന് തീവണ്ടി മാർഗം കോയമ്പത്തൂർ വഴി മുംബയിലേക്കാണ് സൂര്യ പോയതെന്ന് പൊലീസ് പറഞ്ഞു. തീവണ്ടിയിൽ നിന്ന് പരിചയപ്പെട്ട ആൾ വഴി മുംബയിലെ തമിഴ് കുടുംബത്തെ പരിചയപ്പെട്ടത്. അനാഥയാണെന്നായിരുന്നു പെൺകുട്ടി അവരോട് പറഞ്ഞത്. അവരുടെ വീട്ടിൽ സുരക്ഷിതമായി താമസിച്ചുവരികയായിരുന്നു.