ഡോക്ടറി’ല്‍ കുറഞ്ഞവള്‍; ക്രൂരമായി പീഡിപ്പിച്ച് ഭര്‍തൃവീട്ടുകാര്‍; ‘എല്ലാം മടുത്തെ’ന്ന് മോഫിയ
കടുത്ത പീഡനം ഇനിയും സഹിക്കാന്‍ വയ്യ, ജീവിച്ചിരിക്കാന്‍ പോലും തോന്നുന്നില്ലെന്ന് കരഞ്ഞ് പറഞ്ഞ് മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശങ്ങള്‍ അന്വോഷണ സംഘത്തിന് ലഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നടന്ന കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ കുറിച്ചും നടുക്കുന്ന വിവരങ്ങള്‍ ഇതിലുണ്ടെന്ന് അന്വോഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മോഫിയയുടെ ഭര്‍ത്താവ് സുഹൈലില്‍ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിര്‍ണായക തെളിവുകള്‍. ശബ്ദ സന്ദേശങ്ങളില്‍ എല്ലാം മൂളിക്കേള്ക്കുന്നതല്ലാതെ സുഹൈല്‍ മറുപടി ഒന്നും നല്‍കുന്നില്ല. കോടതിയുടെ അനുമതിയോടെ ഫോണ്‍ വിദഗ്ധ പരിശോധയ്ക്ക് വിധേയമാകും.
ഡോക്ടറില്‍ കുറഞ്ഞയാളെ മകന് വിവാഹം കഴിച്ചുവെന്ന എതിര്‍പ്പ് സുഹൈലിന്റെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പീഡനം കടുത്തതോടെ എടയപ്പുറത്തെ സ്വന്തം വീട്ടിലേക്കു മോഫിയ താമസം മാറിയിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍പ്പാക്കി വീണ്ടും യോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റിക്ക് സുഹൈല്‍ കത്തു നല്കി. അതനുസരിച്ച് കമ്മിറ്റി ഇരുകൂട്ടരെയും വിളിപ്പിച്ചു.
ഭര്‍ത്താവിനൊപ്പം പോകാന്‍ മോഫിയ തയാറായെങ്കിലും സുഹൈല്‍ അനുരഞ്ജന ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോഫിയ പിന്നാലെ ചെന്ന് കരഞ്ഞ് കാലുപിടിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ലെന്ന് ദൃക്സാക്ഷികള്‍ അന്വോഷണ സംഘത്തോട് വെളിപ്പെടുത്തി. ഇത് പിന്നീട് സ്വയം ന്യായീകരിക്കാനുളള തന്ത്രമായിരുന്നുവെന്നാണ് സംഘത്തിന്റെ നിഗമനം. മോഫിയ ഒഴിവാക്കി വേറെ കല്യാണം കഴിക്കാന്‍ സുഹൈലും മാതാപതിതാക്കളും പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തി.