ന്യൂഡല്‍ഹി : രാജ്യം നടുങ്ങിയ ഡല്‍ഹി കൂട്ടബലാത്സംഗ സംഭവത്തിന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്മിച്ചുനല്കാന് ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെട്ടതും കേസിലെ ഒരു പ്രതിയെ കൂടി തീഹാര്‍ ജയിലിലേക്ക് മാറ്റിയതും ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമാക്കുന്നു.
പവന് കുമാര്‍ ഗുപ്തയെയാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. നിലവില്‍ മണ്ഡല് ജയിലിലാണ് പവന് കുമാറിനെ താമസിപ്പിച്ചിരുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും നേരത്തെ തന്നെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. വിനയ് ശര്‍മയുടെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ പ്രതികളുടെ വധശിക്ഷ ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കണം എന്നാണ് നിയമം. പോലീസിന് ഡത്ത് വാറന്റും ലഭിച്ചിട്ടുണ്ട്. വിനയ് അല്ലാതെ മറ്റ് പ്രതികളിലാരും ദയാഹര്‍ജി നല്കിയിട്ടല്ല.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റ് മൂന്ന് പേരും നല്കിയ പുനപരിശോധന ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അക്ഷയ് ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളുമെന്നാണ് നിഗമനം. 2012 ഡിസംബര്‍ 16-ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗംചെയ്ത് അതിക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്. മുകേഷ് (29), പവന് ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചത്.