ഒമിക്രോൺ കൂടുതൽ ബാധിക്കുന്നത് അഞ്ച് വയസിന് താഴെയുള്ളവരിൽ; ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി
ജൊഹന്നാസ്ബർഗ്: ഒമിക്രോൺ വൈറസിന്റെ വ്യാപനം അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധർ. വാക്സിനെടുക്കാത്ത മുതിർന്നവരിലും കുട്ടികളിലുമാണ് ഒമിക്രോൺ വ്യാപകമായി പടർന്നു പിടിക്കുന്നത്. ആദ്യ തരംഗങ്ങളേക്കാൾ കൂടുതലായി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം 16055 പേർക്കാണ് രോഗം ബാധിച്ചത്. 25 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.’മുൻപ് വലിയ തോതിൽ കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നില്ല. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും കുറവായിരുന്നു. മൂന്നാംതരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി.15നും 19നും ഇടയിലുള്ള കൗമാരക്കാരിലും രോഗബാധ വളരെ കൂടുതലായിരുന്നു. എന്നാൽ നാലാംതരംഗത്തിൽ ആദ്യഘട്ടത്തിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു.’ ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.