സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കാസര്‍കോട് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് തുറന്നു
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കാസര്‍കോട് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് കാരാട്ടുവയല്‍ റോഡിലെ മേധാ അപ്പാര്‍ട്ട്മെന്റില്‍ തുറന്നു. ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ് സലീഖ അധ്യക്ഷയായി. വായ്പാമേള കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ബല്‍രാജ്, വി.വി രമേശന്, സി.ജാനകികുട്ടി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ ടിവി പ്രേമ, കെ സുജിനി, കെ.പി ബാലകൃഷ്ണന്, കെ സി പീറ്റര്‍, അബ്ദുള്‍ മുത്തലീബ്, കൃഷ്ണന് പനങ്കാവ്, പി പി രാജു, പി ടി നന്ദകുമാര്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, രതീഷ് പുതിയപുര, രവി കുളങ്ങര, എബ്രാഹിം തോണക്കര എന്നിവര്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ വി സി ബിന്ദു സ്വാഗതവും, മേഖലാ മാനേജര്‍ കെ ഫൈസല്മുനീര് നന്ദിയും പറഞ്ഞു.
വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വികസന കോര്പ്പറേഷന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി സ്ത്രീകള്‍ ആരംഭിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലളിതമായ വ്യവസ്തകളോടെ സ്വയം തൊഴില്‍ വായ്പ, മൈക്രോ ഫിനാന്‍സ് വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭ്യമാക്കുന്നു. ഹെല്പ്പ്ലൈന് പദ്ധതി, പ്രൊഫഷണല്‍ ഗ്രൂമിങ് അക്കാദമി , ഷീ പാഡ് പദ്ധതി, വനമിത്ര തുടങ്ങി വിവിധങ്ങളായ പദ്ധതികളും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്നുണ്ട്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുള്പ്പെടെയുള്ള കോര്‍പ്പറേഷന്റെ വിവിധ സേവനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ് പ്രവര്‍ത്തന സജ്ജമാകുന്നത്.