കളമശ്ശേരി വാഹനാപകടത്തില്‍ ദുരൂഹത; മകള്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി മന്‍ഫിയയുടെ അമ്മ
കൊച്ചി: മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ കൊച്ചി കളമശ്ശേരിയിലുണ്ടായ കാര്‍ അപകടത്തിലും ദുരൂഹത. മകള്‍ക്ക് കാമുകനില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി അപകടത്തില്‍ മരിച്ച മന്‍ഫിയയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകളെ കൊല്ലുമെന്ന് മകളുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ പറഞ്ഞു. അപകടശേഷം കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.
അപകടശേഷം ഒരാള്‍ കാറില്‍ നിന്ന് ഓടിരക്ഷപ്പെട്ടിരുന്നെന്നും അമ്മ നബീസ പറഞ്ഞു. ഇതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇത് മന്‍ഫിയയുടെ ആണ് സുഹൃത്ത് ആണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്തുകൊണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടു എന്നുള്ളതാണ് മന്‍ഫിയയുടെ കുടുംബത്തിന്റെ സംശയം.
മന്ഫിയയിക്ക് നേരത്തെ തന്നെ ഇയാളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മാതാവ് പറഞ്ഞു. നിരവധി തവണ മകളെ ഇയാള്‍ ഉപദ്രവിച്ചിരുന്നതായും അവര്‍ പറഞ്ഞു.
നവംബര്‍ 30ന് കളമശ്ശേരിയില്‍ പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. മന്‍ഫിയ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ച് അപകടത്തില്‍പ്പെടുകയും മന്‍ഫിയ മരിക്കുകയുമായിരുന്നു.