മംഗളൂരില്‍ മലയാളി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം
മംഗളൂരു: മംഗളൂരുനഗരത്തിലെ യേനപോയ യൂണിവേഴ്സിറ്റി കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദനം. രാത്രി ഹോസ്റ്റലില്‍നിന്ന് അറസ്റ്റു ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ ഇതുവരെ പോലീസ് വിട്ടയച്ചിട്ടില്ല. വിദ്യാര്‍ത്ഥി സംഘര്‍ഷം അന്വേഷിക്കാനെത്തിയ അന്വേഷിക്കാനെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു എന്നതാണ് കേസ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. നേരത്തേ മൂന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയായ ആദര്‍ശ് പ്രേംകുമാറും ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയും തമ്മില്‍ വഴിയില്‍ വെച്ച് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലിലേയ്ക്ക് അനുവാദമില്ലാതെ പോലീസും നാട്ടുകാരില്‍ ചിലരും കടന്നുവന്നതിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചതായും പരാതിയുണ്ട്. ഇത് മൂന്നാം തവണയാണ് ഹോസറ്റലില് പോലീസ് അതിക്രമം.
എന്നാല്‍ സംഘര്‍ഷത്തില്‍ ആദര്‍ശ് പ്രേംകുമാറിനെ അതേ കോളേജില്‍ പഠിക്കുന്ന അബ്ദുള്‍ സിനാനും എട്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നെന്നും ഇതിനെ തുടര്‍ന്നെത്തിയ അന്വേഷണ സംഘത്തിനുനേരേ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ആദര്‍ശിനും സുഹൃത്തുക്കള്‍ക്കുമെതിരെ അബ്ദുള്‍ സിനാന് നല്കിയ പരാതിയിലും പൊലീസ് കേസെടുത്തു.